അയോധ്യ: ഭഗവാൻ ശ്രീരാമചന്ദ്രന്റെ ചരിത്രം കോടിക്കണക്കിന് ഹൃദയങ്ങളിൽ ആഴത്തിൽ കൊത്തിവെക്കപ്പെട്ടവയാണ്. എല്ലാവർക്കും ക്ഷേമവും സമാധാനവും ഉറപ്പുവരുത്തുന്ന ഒരുരാഷ്‌ട്ര സങ്കൽപ്പം പ്രാവർത്തികമാക്കിയെന്നുളളതാണ് മര്യാദാ പുരുഷോത്തമനായ രാമന്റെ ഏറ്റവും വലിയ സംഭാവന.
ശ്രീരാമചന്ദ്രന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുക എന്നത് ഏതൊരു മനുഷ്യനും സന്തോഷവും ആത്മനിർവൃതിയുമാണ്. ശ്രീരാമ ഭക്തർക്കായി ശ്രീ രാമായണ യാത്രയുമായി ഇന്ത്യൻ റെയിൽവേ തയ്യാറെടുക്കുകയാണ് . രാമായണവുമായി ബന്ധമുള്ള ഭാരതത്തിലെ പുണ്യസ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനമാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നത്. അറിയാം ശ്രീ രാമായണ യാത്രയുടെ വിശേഷങ്ങൾ.
നവംബർ 7 ന് ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രമുഖ സ്ഥലങ്ങളിലുമെത്തും. ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിലേക്കാണ് ട്രെയിൻ ആദ്യമെത്തുക. യാത്ര തിരിക്കുക. രാമജന്മഭൂമി, ഹനുമാൻ മന്ദിർ, ഭരതക്ഷേത്രം എന്നിവിടങ്ങളിൽ യാത്രക്കാർക്ക് ദർശനം നടത്താം.
സീതാ ദേവിയുടെ ജന്മസ്ഥലമായ ബീഹാറിലെ സീതാമർഹിയിലെത്തി അവിടെ നിന്നും യാത്ര വാരണാസിയിലേക്ക് തിരിക്കും . സ്നാന ഘട്ടായ പ്രയാഗ്, ശൃംഗവേർപൂർ, ചിത്രകൂട് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ സൗകര്യമൊരുക്കും. തുടർന്ന് മഹാരാഷ്‌ട്രയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്ക് നാസിക്കിലുള്ള കിഷ്‌കിന്ദ നഗറിലും, മലമുകളിലുളള ഹനുമാൻ ക്ഷേത്രത്തിലും തീർത്ഥാടനത്തിലുള്ള സൗകര്യം ഒരുക്കും.
ഇന്ത്യാ സർക്കാറിന്റെ ‘ ദേഖോ അപ്നാ ദേശ്’ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് രാമായണ യാത്ര വിഭാവനം ചെയ്തിരിക്കുന്നത്. ആധുനിക സവിശേഷതകളും സൗകര്യങ്ങളും ഉള്ള ഡീലക്സ് എ സി ടൂറിസ്റ്റ് ട്രെയിനിലായിരിക്കും യാത്ര. 7500 കിലോമീറ്റർ ദൂരം ട്രയിൻ സഞ്ചരിക്കും.
മുഴുവൻ സമയം സുരക്ഷാ ഗാർഡുകളുടെ സേവനം യാത്രക്കർക്ക് ലഭിക്കും. ഇലക്ട്രോണിക് ലോക്കർ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഭക്ഷണ ശാല, അടുക്കള എന്നിവ തീവണ്ടിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ രാമേശ്വരമാണ് അവസാന തീർത്ഥാടന കേന്ദ്രം. പുരാതനമായ ശിവക്ഷേത്രവും ധനുഷ്‌കോടിയും ദർശിക്കുന്നതോടെ യാത്ര അവസാനിക്കും. 17 ദിവസത്തെ യാത്ര അവസാനിപ്പിച്ച് രാമേശ്വരത്തുനിന്നും ട്രെയിൻ ഡൽഹിയിലേക്ക് തിരിക്കും.















Comments