പത്തനംതിട്ട: ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കാൻ ആലോചന. ബുക്ക് ചെയ്യുന്നവരിൽ ദർശനം നടത്തുന്നവർക്ക് തിരികെ പണം ലഭിക്കുന്ന രീതിയാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. വെർച്വൽ ക്യൂവിനായി ബുക്ക് ചെയ്തിട്ടും പലരും ദർശനത്തിന് എത്താത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയിലേക്ക് നീങ്ങിയതെന്ന് തിരുവിതാംകൂർ ദേവസ്വം അധികൃതർ അറിയിച്ചു.
തീരുമാനം അന്തിമമായാൽ അടുത്ത മണ്ഡലകാലം മുതൽ നടപ്പിലാക്കുമെന്നാണ് വിവരം. കഴിഞ്ഞ മാസപൂജയ്‌ക്ക് ബുക്ക് ചെയ്ത 6,772 പേർ ദർശനത്തിന് എത്തിയിരുന്നില്ല. ഇതോടെയാണ് ഫീസ് ഏർപ്പാടാക്കാനുള്ള ആലോചന സജീവമായത്. ദർശനത്തിന് എത്താത്തവർക്ക് പണം നഷ്ടമാകുകയും ഈ തുക ദേവസ്വം ബോർഡിലേക്ക് പോകുകയും ചെയ്യും. അതേസമയം ബുക്ക് ചെയ്തവരിൽ ദർശനം നടത്തിയവർക്ക് ഫീസ് ഓൺലൈനായി തിരികെ നൽകും.
കൂട്ടമായി ബുക്ക് ചെയ്യുകയും ദർശനത്തിന് എത്താതിരിക്കുകയും ചെയ്യുന്നത് മൂലം വരാനുദ്ദേശിക്കുന്ന നിരവധി പേരുടെ അവസരം നഷ്ടമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. അതേസമയം നിലയ്‌ക്കലിൽ സ്‌പോട്ട് ബുക്കിങ് സംവിധാനം ആരംഭിക്കാനും തീരുമാനമായി. ദർശനം നടത്താൻ ബുക്ക് ചെയ്യണമെന്ന് അറിയാതെ എത്തുന്ന തീർത്ഥാടകർക്ക് വേണ്ടിയാണിത്.















