തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗതാഗതവകുപ്പ് റദ്ദാക്കിയത് 259 കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ ലൈസൻസ്.അമിതവേഗം,മദ്യപിച്ചുള്ള ഡ്രൈവിംഗ്,അശ്രദ്ധയോടുള്ള ഡ്രൈവിംഗ് തുടങ്ങിയ ഗതാഗത നിയമ ലംഘനങ്ങൾക്കാണ് ലൈസൻസ് റദ്ദാക്കപ്പെട്ടത്. 2016 മെയ് മുതൽ 2021 ഏപ്രിൽ വരെയുള്ള ഗതാഗതവകുപ്പിന്റെ കണക്ക് പ്രകാരമാണ് ഇത്. ലോക്ഡൗൺ കാലഘട്ടമായിരുന്ന 2020 ൽ മാത്രമാണ് കെ.എസ്ആർ.ടി.സി ഡ്രൈവർമാർക്കെതിരെ നടപടിയുണ്ടാവാതിരുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ ഉൾപ്പടെ 51,198 പേരുടെ ഡ്രൈവിംഗ് ലൈസൻസ് ആണ് റദ്ദാക്കിയത്. ലോക്ഡൗൺ കാരണം നിരത്തിൽ വാഹനങ്ങൾ കുരവായിട്ടും 883 പേർക്കാണ് ഗതാഗത നിയമങ്ങൾ ലംഘിച്ചതിലൂടെ ലൈസൻസ് നഷ്ടമായത്.
2016 മെയ് മുത്ൽ 2021 ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ 2,05,512 അപകടങ്ങളാണ് നടന്നത്. ഇതിൽ 22076 പേർക്ക് ജീവഹാനി ഉണ്ടായി. 2,29,229 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇത്തരം നിയമലംഘനങ്ങൾ കാരണം നിരവധി ജീവനുകളാണ് ദിവസവും റോഡുകളിൽ പൊലിയുന്നത്.തുടരെ തുടരെ ബോധവൽക്കരണം നൽകിയിട്ടും ഗതാഗത നിയമങ്ങൾ പാലിക്കാൻ കർശന നടപടി എടുത്തിട്ടും നിയമലംഘനങ്ങൾ നടക്കുന്നത് ആശങ്കയോടെയാണ് മോട്ടോർ വാഹനവകുപ്പ് കാണുന്നത്.
Comments