ചാവക്കാട്: 26,000 കടലാമ മുട്ടകൾ കടൽതീരത്ത് ശേഖരിച്ചു സംരക്ഷിച്ചതിന് ഒരു കൂട്ടം ചെറുപ്പക്കാർക്ക് ആദരം. 18 പേരടങ്ങുന്ന് ചെറുപ്പക്കാരെയാണ് തൃശൂർ സാമൂഹിക വനം വകുപ്പ് ആദരിച്ചത്.
കേരളത്തിൽ ഏറ്റവും അധികം കടലാമകൾ മുട്ടയിടുന്ന തീരമാണു ചാവക്കാട് കടൽതീരം. ബ്ലാങ്ങാട് മുതൽ അണ്ടത്തോട് വരെയുള്ള തീരത്ത് കഴിഞ്ഞ വർഷം ലഭിച്ചത് റെക്കോർഡ് മുട്ടകളാണ്.
രാത്രികാലങ്ങളിൽ മാത്രമാണ് കടലാമകൾ മുട്ടയിടാനെത്തുന്നത്.15,000 കുഞ്ഞുങ്ങളെയാണ് വിരിയിച്ചു കടലിലിറക്കാൻ കഴിഞ്ഞത്. രാത്രികാല പട്രോളിങ്ങിനാവശ്യമായ ടോർച്ച്, കോട്ട് എന്നിവയും ഇവർക്ക് വേണ്ടി വനം വകുപ്പ് വിതരണം ചെയ്തു.
വംശനാശ ഭിഷണി നേരിടുന്ന ഇവയുടെ മുട്ടകൾ സംരക്ഷിക്കാൻ ചാവക്കാട് മേഖലയിൽ കടലാമ മുട്ടകൾ വിരിയിച്ചെടുക്കുന്നതിനുള്ള സ്ഥിരം ഹാച്ചറി വനം വകുപ്പ് ഒരുക്കുമെന്നും അറിയിച്ചു.
Comments