ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരങ്ങളാണ് ജയനും പ്രേംനസീറും ഉമ്മറും ഷീലയും ജയഭാരതിയും സീമയും ശാരദ എല്ലാം . മലയാളികള്‍ ഇന്നും മനസ്സില്‍ ഓര്‍ത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളും കഥാപാത്രങ്ങളും സമ്മാനിച്ച അതുല്യപ്രതിഭകള്‍. ഇപ്പോഴിതാ, ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന രണ്ടു താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മലയാളത്തിന്റെ മഹാനടന്‍ ജയന്റെയും 70-80 കാലഘട്ടത്തിലെ തിരക്കേറിയ നായികമാരില്‍ ഒരാളായ സീമയുടെയും ചിത്രമാണിത്. അങ്ങാടി, കരിമ്പന, മനുഷ്യമൃഗം, മൂര്‍ഖന്‍, തടവറ, ബെന്‍സ് വാസു, ശക്തി, ചാകര തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്തെ ഹിറ്റ് ജോഡികളായിരുന്നു ഇവര്‍.
കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത താരമാണ്. ഇന്ത്യന്‍ നേവിയിലും ജയന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ആക്ഷന്‍ വേഷങ്ങള്‍ കൂടുതലും കൈകാര്യം ചെയ്ത ജയന്‍ കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയ ഒരു കാലമുണ്ട്. ജയന്റെ ശൈലിയും വേഷവിധാനവുമൊക്കെ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ നായകനെന്നു തന്നെ ജയനെ വിശേഷിപ്പിക്കാം. 41-ാം വയസ്സില്‍ പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കുമ്പോഴാണ് ഒരു ഹെലികോപ്ടര്‍ അപകടത്തില്‍ ജയന്‍ മരണമടഞ്ഞത്. ‘കോളിളക്കം’ എന്ന സിനിമയുടെ ലൊക്കേഷനില്‍, ഒരു സാഹസികരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടത്തിപ്പെട്ട് ജയന്‍ മരിക്കുന്നത്.
‘നിഴലെ നീ സാക്ഷി’ എന്ന ചിത്രത്തിലൂടെയാണ് അഭിനേത്രിയെന്ന രീതിയില്‍ സീമ തുടക്കം കുറിച്ചത്. ഈ ചിത്രം പക്ഷേ പൂര്‍ത്തിയാക്കാനായില്ല. എന്നാല്‍, ആ സിനിമയുടെ ഷൂട്ടിങ് സമയത്താണ് ശാന്തകുമാരി നമ്പ്യാര്‍ എന്ന പെണ്‍കുട്ടി സീമയായി മാറിയത്, എഴുപതുകളിലെ പ്രശസ്ത നടനായ വിജയന്‍ ആണ് താരത്തിന് സീമ എന്ന പേരു നിര്‍ദ്ദേശിക്കുന്നത്. സീമയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത് ഐ.വി.ശശി സംവിധാനം ചെയ്ത ‘അവളുടെ രാവുകള്‍’ എന്ന ചിത്രമാണ്. അന്ന് സീമയ്‌ക്ക് 19 വയസ്സാണ് പ്രായം. കരിയറില്‍ വഴിത്തിരിവായ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ സീമയുടെ ജീവിത പങ്കാളിയുമായി. മികച്ച നടിയ്‌ക്കുള്ള സംസ്ഥാന പുരസ്‌കാരം രണ്ടു തവണ സ്വന്തമാക്കിയ അഭിനേത്രി കൂടിയാണ് സീമ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുന്നൂറ്റി അറുപതിലേറെ ചിത്രങ്ങളിലാണ് സീമ വേഷമിട്ടത്.















