കാസർകോട് : മൊബൈൽ കടയിൽ കയറി സാധനങ്ങൾ നശിപ്പിച്ച പോലീസുകാർക്കെതിരെ കേസ് എടുക്കാൻ നിർദ്ദേശിച്ച് കോടതി. കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. പൈവളിഗെ സ്വദേശി ജവാദ് ആസിഫിന്റെ ഹർജിയിലാണ് കേസ് എടുക്കാൻ കോടതി ആവശ്യപ്പെട്ടത്.
മൂന്ന് മാസം മുൻപായിരുന്നു സംഭവം. നഗരത്തിൽ സംഘർഷം ഉണ്ടായെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ഏഴോളം പേർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. സ്ഥലത്ത് എത്തിയ പോലീസുകാർ വേഗം കടയടയ്ക്കാൻ ജവാദിനോട് പറഞ്ഞു.
എന്നാൽ സമയം ആകാതെ കടയടയ്ക്കാനാകില്ലെന്ന് ജാവേദും പറഞ്ഞു. ഇതിൽ പ്രകോപിതരായ പോലീസുകാർ കട തല്ലിത്തകർക്കുകയായിരുന്നു. ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ പോലീസുകാർ നശിപ്പിച്ചു. കൂടാതെ കടയിലെ ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് പരാതി നൽകുകയായിരുന്നു.
Comments