തിരുവനന്തപുരം : ടോക്കിയോ പാരാലിമ്പിക്സിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ താരങ്ങൾക്ക് ആദരവുമായി കെഎസ്ആർടിസി. ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയ 17 താരങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത വിനൈൽ സ്റ്റിക്കറുകൾ ബസിൽ പതിപ്പിച്ചാണ് കെഎസ്ആർടിസി സ്നേഹാദരങ്ങൾ അറിയിച്ചത്. 19 മെഡലുകളാണ് ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യ സ്വന്തമാക്കിയത്.
നേരത്തെ ടോക്കിയോ ഒളിമ്പിക്സിൽ ഹോക്കി വിഭാഗത്തിൽ വെങ്കലം കരസ്ഥമാക്കിയ മലയാളി താരം പിആർ ശ്രീജേഷിനെയും കെഎസ്ആർടിസി ആദരിച്ചിരുന്നു. ബസിന്റെ ഇരുവശങ്ങളിലുമായി താരത്തിന്റെ നേട്ടങ്ങളും ആക്ഷൻ ചിത്രങ്ങളും ആലേഖനം ചെയ്താണ് താരത്തിന് ആശംസകൾ നേർന്നത്. കെഎസ്ആർടിസി പുതുതായി രൂപീകരിച്ച കൊമേഴ്സ്യൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കായിക താരങ്ങൾക്ക് ആദരവ് സമർപ്പിക്കുന്ന പദ്ധതി ആരംഭിച്ചത്. വേളിയിലേക്ക് സർവ്വീസ് നടത്തുന്ന തിരുവനന്തപുരം സിറ്റിയിലെ ആർഎൻഎ 492 നമ്പർ ബസിലാണ് സ്റ്റിക്കർ പതിപ്പിച്ച് സർവ്വീസ് നടത്തുന്നത്. കെഎസ്ആർടിസി സോഷ്യൽ മീഡിയ സെല്ലിലെ ഗ്രാഫിക് ഡിസൈനറായ എ.കെ ഷിനുവാണ് ഡിസൈൻ തയ്യാറാക്കിയത്.
വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്.എച്ച് 1 വിഭാഗത്തിൽ സ്വർണും, 50 മീറ്റർ റൈഫിൾ 3 പൊസിഷൻ എസ്.എച്ച് 1 വിഭാഗത്തിൽ വെങ്കലവും നേടിയ അവനി ലേഖറ, പുരുഷൻമാരുടെ ബാഡ്മിന്റൺ സിംഗിൾസ് എസ്.എൽ 3 വിഭാഗത്തിൽ സ്വർണം നേടിയ പ്രമോദ് ഭഗത്ത്, പുരുഷ ബാഡ്മിന്റൺ സിംഗിൾസ് എസ്.എച്ച് 6 വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയ കൃഷ്ണ നാഗർ, പുരുഷ ജാവലിൻ ത്രോ എഫ് 64 വിഭാഗത്തിൽ സ്വർണം നേടിയ സുമിത് ആന്റിൽ, 50 മീറ്റർ പിസ്റ്റൾ മിക്സഡ് എസ്.എച്ച് 1 വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയ മനീഷ് നർവാൾ, ടേബിൾ ടെന്നീസ് വനിതകളുടെ ക്ലാസ് 4 വിഭാഗത്തിൽ വെള്ളി നേടിയ ഭവിനബെൻ പട്ടേൽ, 50 മീറ്റർ പിസ്റ്റൾ മിക്സഡ് എസ്.എച്ച് 1 വിഭാഗത്തിൽ വെള്ളിയും 10 മീറ്റർ എയർ പിസ്റ്റൾ എസ്.എച്ച് 1 വിഭാഗത്തിൽ വെങ്കലവും കരസ്ഥമാക്കിയ സിംഗ്രാജ് അധാന, പുരുഷ ഡിസ്കസ് ത്രോ എഫ് 56 വിഭാഗത്തിൽ വെള്ളി നേടിയ യോഗേഷ് കതുനിയ, പുരുഷ ഹൈജമ്പ് ടി 47 വിഭാഗത്തിൽ വെള്ളി നേടിയ നിഷാദ് കുമാർ, പുരുഷൻമാരുടെ ഹൈജമ്പ് ടി 63 വിഭാഗത്തിൽ വെള്ളി നേടിയ മാരിയപ്പൻ തങ്കവേലു, പുരുഷ ഹൈജമ്പ് ടി 64 വിഭാഗത്തിൽ വെള്ളി നേടിയ പ്രവീൺ കുമാർ, പുരുഷ ജാവലിൻ എഫ് 46 വിഭാഗത്തിൽ വെള്ളി നേടിയ ദേവേന്ദ്ര ജചാരിയ, പുരുഷ ബാഡ്മിന്റൺ സിംഗിൾസ് എസ്.എൽ 4 വിഭാഗത്തിൽ വെള്ളി കരസ്ഥമാക്കിയ സുഹാസ് യതിരാജ്, പുരുഷൻമാരുടെ വ്യക്തിഗത റിക്കാർഡ്ര് അമ്പെയ്ത്തിൽ വെങ്കലം ഹർവിന്ദർ സിംഗ്, പുരുഷ ഹൈജമ്പ് ടി 63 വിഭാഗത്തിൽ വെങ്കലം നേടിയ ശരത് കുമാർ, പുരുഷ ജാവലിൻ ത്രോ എഫ് 46 വിഭാഗത്തിൽ വെങ്കലം നേടിയ സുന്ദർ സിംഗ് ഗുർജാർ, പുരുഷ സിംഗിൾസ് ബാഡ്മിന്റൺ എസ്.എൽ 3 വിഭാഗത്തിൽ വെങ്കലം നേടിയ മനോജ് സർക്കാർ എന്നിവരുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്.
Comments