ഭാരതം കാത്തിരുന്ന നിർണായക ദിനം.. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച.. ഇന്ത്യയുടെയും അമേരിക്കയുടെയും ചരിത്രത്തിലെ പുതിയ അദ്ധ്യായമാണെന്നാണ് കൂടിക്കാഴ്ചയെ ബൈഡൻ വിശേഷിപ്പിച്ചത്. ജനാധിപത്യമൂല്യങ്ങളിൽ ഉറച്ച ബന്ധമെന്ന് പറഞ്ഞ മോദി, ബൈഡനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു..
ബൈഡൻ അമേരിക്കയിൽ അധികാരമേറ്റതിന് ശേഷം ആദ്യമായാണ് നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം തുടർന്നും ശക്തിപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്തോ-യുഎസ് ബന്ധത്തിന്റെ പുതിയ അദ്ധ്യായത്തിന് തുടക്കം എന്നായിരുന്നു കൂടിക്കാഴ്ചയിൽ ബൈഡൻ പറഞ്ഞത്. വൈറ്റ് ഹൗസിലേക്ക് വീണ്ടും മോദിയെത്തിയതിൽ സന്തോഷം അറിയിച്ച ബൈഡൻ തന്റെ കുടുംബത്തിലെ അഞ്ച് പേർ ഇന്ത്യയിലുണ്ടെന്ന് അറിഞ്ഞതിനെക്കുറിച്ചും വാചാലനായി.
കൊറോണ ലോകത്തിന് തന്നെ കനത്ത വെല്ലുവിളിയാണെന്ന് ഓർമിപ്പിച്ച ബൈഡൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇനിയും മെച്ചപ്പെടുത്തുമെന്നും ഇന്തോ-പസഫിക് മേകല സുരക്ഷിതവും സ്വതന്ത്രവുമാക്കുമെന്നും വ്യക്തമാക്കി.
മഹാമാരി പ്രതിസന്ധിക്കിടെ ബൈഡൻ സ്വീകരിച്ച നിലപാടുകളെ പ്രശംസിച്ച പ്രധാനമന്ത്രി ഇതിന് മുമ്പ് ബൈഡനുമായി സംവദിച്ച അവസരങ്ങളെ ഓർമപ്പെടുത്തി. 2014ലും 2016ലുമായി ബൈഡനുമായി ആശയവിനിമയം നടത്തിയപ്പോൾ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉടൻ തന്നെ ബൈഡനെ ഇന്ത്യയിലേക്ക് പ്രതീക്ഷിക്കാമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ല അറിയിച്ചത്.
ബൈഡനെ സന്ദർശിച്ച മോദി ക്വാഡ് രാഷ്ട്രങ്ങളിലെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. അഫ്ഗാൻ വിഷയം ഉൾപ്പെടെ കൂടിക്കാഴ്ചയിൽ ചർച്ചയായി. വിദേശ യാത്രകൾക്കായി മാർഗനിർദേശങ്ങൾ സ്വീകരിക്കേണ്ടത് സംബന്ധിച്ചും വാക്സിൻ സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ചർച്ചയുടെ ഭാഗമായി..
Comments