നെറ്റ്ഫ്ലിക്സിലെ ആദ്യത്തെ കന്നഡ സീരീസ്. ഇന്ത്യയിലെ ഏതെങ്കിലും ഒരു പോലീസ് ഫോഴ്സിനെക്കുറിച്ചുള്ള ആദ്യത്തെ ഡോക്യു സീരീസ് കൂടിയാണ്. നാല് എപ്പിസോഡുകളിലായി, മൂന്ന് കൊലപാതകങ്ങളും ഒരു കിഡ്‌നാപ്പിംഗ് കേസുമാണ് പ്രതിപാദിക്കുന്നത്. ആദ്യത്തെ കേസ് കഴിഞ്ഞ വർഷം ബംഗളൂരു നഗരത്തെ ഞെട്ടിപ്പിച്ചുകൊണ്ട് മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്ന നിർമ്മല ചന്ദ്രശേഖർ കൊലപാതക കേസാണ്. അമ്മയെ ടെക്കിയായ മകൾ തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയും, സഹോദരനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത ആ സംഭവം ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നതാണ്. വളരെ പെട്ടന്ന് തന്നെ കേസ് ക്രാക്ക് ചെയ്യുകയും പ്രതികളായ അവരുടെ മകൾ അമൃതയെയും, അവരുടെ ആൺ സുഹൃത്തായ ശ്രീധറിനെയും പിന്തുടർന്ന് പോയി ബംഗളൂരു പോലീസ് പോർട്ട് ബ്ലെയറിൽ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്ത ആ സംഭവത്തിന്റെ ആവിഷ്കാരമായിരുന്നു ആദ്യത്തെ എപ്പിസോഡ്. പ്രാദേശികവും ദേശീയവുമായ മാദ്ധ്യമങ്ങൾ ആ പെൺകുട്ടിയെ ക്രൂരതയുടെ ആൾരൂപമായി ചിത്രീകരിച്ചുകൊണ്ട് തുടർച്ചയായി വാർത്തകൾ കൊടുത്ത് അവർക്കെതിരെ കാര്യമായ ജനരോഷം ആളിക്കത്തിച്ച ഒരു സംഭവമായിരുന്നത്. അതുപോലെ തന്നെ മഹാലക്ഷ്മി ലേയൗട്ടിലെ സന്തോഷ് എന്ന ഒരു ചെറുപ്പക്കാരന്റെ കൊലപാതകവും, മെജസ്റ്റിക്കിലെ ലൈംഗിക തൊഴിലാളിയുടെ കൊലപാതകവും, സംഭവം നടന്ന് ഒരാഴ്ചക്കകം തന്നെ കുറ്റം തെളിയിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണങ്ങൾ ആണ് രണ്ടും മൂന്നും എപ്പിസോഡുകൾ. ഹെബ്ബാൾ ഫ്‌ളൈഓവറിന് കീഴെ താമസിക്കുന്ന നാടോടി കുടുംബത്തിൽ നിന്നും ഒരു കുഞ്ഞിനെ തട്ടിയെടുക്കപ്പെട്ട ആ ചൈൽഡ് സ്നാച്ചിങ് കേസിന്റെ അന്വേഷണം മാത്രമാണ് അപൂര്ണമായി അവസാനിക്കുന്ന നാലാമത്തെ എപ്പിസോഡ്.
ആദ്യമായി പറയട്ടെ സാധാരണ ഇത്തരം പാശ്ചാത്യ പ്രൊഡക്ഷനുകൾ ചെയ്യാറുള്ള പോലെ ഇന്ത്യയുടെ ദാരിദ്ര്യവും, വൃത്തിഹീനതയും, പിന്നാക്കാവസ്ഥയും അഴുക്കും അഴിമതിയും പോലുള്ള കാര്യങ്ങൾ മാത്രം ക്യാമറ ഫോക്കസ് ചെയ്തു കാണിക്കാനുള്ള ശ്രമം മനപ്പൂർവം ഇതിൽ നടത്തിയിട്ടില്ല. എന്ന് മാത്രമല്ല ബംഗളൂരുവിന്റെ പുരോഗതി ദൃശ്യമാവുന്ന മികച്ച ദൃശ്യങ്ങൾ പലതും കാപ്ച്ചർ ചെയ്തെടുത്തിട്ടുമുണ്ട്. ഈ അന്വേഷണങ്ങളിൽ എല്ലാം അതിന്റേതായ ഉയർച്ചകളും, താഴ്ചകളും, കൈക്കുറ്റപ്പാടുകളും, അതിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ടവരുടെയും എല്ലാവിധത്തിലുള്ള ഇമോഷനുകളും അതേപടി പകർത്തിവെയ്‌ക്കാൻ ശ്രമിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റേത് പോലീസ് ഫോഴ്സിനെയും പോലെ ഒട്ടേറെ വീഴ്ചകൾ സംഭവിക്കുകയൂം അതിന്റെ പേരിൽ നിരവധി ആരോപണങ്ങളും, പഴികളും കേൾക്കേണ്ടി വരുന്ന ഒരു ഫോഴ്‌സ് തന്നെയാണ് ബംഗളൂരു പോലീസും. എന്നാൽ അവർ കടന്നു പോവുന്ന സമ്മർദ്ദങ്ങളെയും സാഹചര്യങ്ങളെയും അപര്യാപ്തതകളെയും പലപ്പോഴും വിമർശിക്കുമ്പോൾ നമ്മൾ വിസ്മരിക്കാറുണ്ട്. അന്വേഷണങ്ങളുടെ ഭാഗമായി ഇവിടെ മൂന്നാം മുറ ഉപയോഗിച്ചു വരുന്നത് ഇനിയും തുടരുന്നുണ്ട് എന്നുള്ള ദുഖകരമായ സത്യത്തെ മറച്ചുപിടിക്കാനൊന്നും ശ്രമിക്കുന്നില്ല. എന്നാൽ അതെ സമയം അന്വേഷണങ്ങൾക്ക് ടെക്ക്നോളജി ഉപയോഗിക്കുന്നതിൽ അതിന്റേതായ കാലോചിതമായ മാറ്റം കൂടി വ്യക്തമാക്കുന്നുണ്ട്. പോലീസുകാരുടെയും മാനുഷിക വശങ്ങൾ കാണിക്കുന്നതിനുള്ള ശ്രമങ്ങളും ഈ ടൈറ്റായ നരേറ്റെവിനിടയ്‌ക്ക് നടത്തുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. പോലീസ് ഫോഴ്സിൽ നിലനിക്കുന്ന പല മുൻവിധികളും, അവയെ തകർക്കാനുള്ള ശ്രമങ്ങളുമൊക്കെ പരാമർശിച്ചു പോകുന്നുണ്ട്. രണ്ടു എപ്പിസോഡുകളിലെ അന്വേഷണത്തിന്റെ ഫോക്കസ് മുഴുവൻ വനിതാ ഉദ്യോഗസ്ഥകളിലൂടെ ആണെന്നത് നല്ലൊരു വശമായി തോന്നി.
എന്നാൽ അതൊന്നുമല്ല ഏറ്റവും ശ്രദ്ധേയമായ വിഷയം. ഓരോ കേസിലെയും വിക്ടിമുകളെയും, അതിലെ പ്രതിയായിത്തീരുന്നവരെയും നമ്മളാരും അറിയാത്ത, അല്ലെങ്കിൽ അറിയാൻ ശ്രമിക്കാത്ത കോണുകളിൽ കൂടി കാണിക്കാനുള്ള ഒരു ശ്രമം നടത്തുന്നുണ്ട്. പ്രത്യേകിച്ച് ആദ്യ എപ്പിസോഡിൽ പ്രതിയായ അമൃതയുടെ പോയന്റ് ഓഫ് വ്യൂവിന് കൂടി ഒരു സ്ഥാനം കൊടുക്കുന്നത് വഴി മാദ്ധ്യങ്ങളിലൂടെ എല്ലാവരുടെയും മനസ്സിൽ കയറിയ ഒരു ചിത്രത്തെ ആകെ മാറ്റി മറിക്കുന്നുണ്ട്. അതുപോലെ തന്നെ മറ്റ് എപ്പിസോഡുകളിലും സ്വതവേ വെള്ളയും കറുപ്പുമായി കാണിക്കുന്ന ആ രീതി അവലംബിക്കാതെ ചാരനിറമുള്ള വശങ്ങളെക്കൂടി സ്പർശിച്ചു പോവുന്നുണ്ട്. അക്യൂസ്ഡ് ആയ പലരോടും പോലീസുകാർ നടത്തുന്ന പരുഷമായ പെരുമാറ്റങ്ങൾ (അവർ അതിനെ ഒഴിവാക്കാൻ കഴിയാത്തതാണെന്ന് പ്രതിരോധിക്കുന്നുമുണ്ട്) പലപ്പോഴും മാനസിക വിഷമം ഉണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് ഒരു കേസിലെ വിക്ടിമിന്റെ മകനോടുള്ള പെരുമാറ്റം. എന്നാൽ പോലീസുകാർക്കും അവരുടേതായ പരിമിതികളിൽ കൂടി കടന്നു പോവണം എന്നുള്ളത് കൂടി അവിടെ ചേർത്തു കാണണം.
ഇത്രയുമൊക്കെ പറഞ്ഞു പോയ സ്ഥിതിക്ക് ഒരു വലിയ വിയോജിപ്പ് കൂടി പറയാതെ പോയാൽ ശരിയാവില്ല. അതെന്താണെന്ന് വെച്ചാൽ, ഇതിൽ സെലക്റ്റ് ചെയ്ത എല്ലാ കേസുകളും, ലോവർ മിഡിൽ ക്‌ളാസ് അല്ലെങ്കിൽ സമൂഹത്തിന്റെ താഴെക്കിടയിൽ നിൽക്കുന്ന വ്യക്തികൾ ഉൾപ്പെട്ടുള്ളതാണ്. അവരുടെയൊക്കെ ജീവിതം പച്ചയായി എക്സ്പോസ് ചെയ്യുന്നതിൽ ഒരു സന്ദേഹവും വേണ്ട എന്നുള്ള ഒരു നിലപാട് സൃഷ്ടാക്കൾ എടുത്തത് പോലെ തോന്നിപ്പിക്കുന്നതാണ് അത്. ഒരു പക്ഷെ ക്രൈമുകൾ ഈ ഒരു വിഭാഗത്തിൽ മാത്രമേ ഉള്ളൂ എന്നുള്ള ചോദ്യം ഉയർത്തുന്ന ഒന്ന്. അക്കൂട്ടത്തിൽ സമൂഹത്തിലെ ഉന്നത ശ്രേണിയിൽപ്പെട്ടവർ ഉൾപ്പെടുന്ന ക്രൈമുകളുടെ കൂടി പ്രാതിനിധ്യം ഉണ്ടായിരുന്നെങ്കിൽ സീരീസിന് കൂടുതൽ സമഗ്രത ഉണ്ടായേനെ. എന്നാലും ഈ ഒരു ഴോണറിൽ ഉള്ള സീരീസുകൾക്ക് ഇന്ത്യയിൽ തുടക്കമിട്ടത് നന്നായിട്ടുണ്ട്. ഇതിന് മുമ്പ് സ്റ്റാർ വേൾഡിൽ വന്ന ആരുഷി-ഹേംരാജ് കൊലക്കേസിലെ അന്വേഷണവഴികൾ ചിത്രീകരിച്ച ആ സീരീസിനും, നിർഭയ കേസിനെ ആസ്പദമാക്കിയെടുത്ത നെറ്ഫ്ലക്സിന്റെ തന്നെ ഡൽഹി ക്രൈം സീരീസിനും (അത് ഡോക്യു മോഡിൽ എടുത്തതല്ല) ഒക്കെ കൂടെത്തന്നെ ചേർത്തുവെയ്‌ക്കാവുന്ന നിലവാരത്തിലുള്ള ഒരു സീരീസ് തന്നെയാണ്.
Comments