അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് തല്ലിക്കൊന്ന മധുവിന്റെ കഥ സിനിമയാകുന്നു. ‘ആദിവാസി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മധുവായി എത്തുന്നത് അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അപ്പാനി ശരത്താണ്. വിജീഷ് മണി സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കുന്നത് ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് സോഹൻ റോയ് ആണ്.
മനുഷ്യ മനസാക്ഷിയെ ഏറെ വേദനിപ്പിച്ച മധുവിന്റെ മരണം ആദ്യമായാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ‘സംഭവം അറിഞ്ഞ നാൾ മുതൽ മധുവിന്റെ ജീവിതം ഞാൻ പഠിക്കുകയായിരുന്നുവെന്നും പട്ടിണി അനുഭവിച്ചിട്ടുള്ളതിനാൽ മധുവിന്റെ അടുത്തേക്കെത്താൻ ദൂരമുണ്ടായിരുന്നില്ലെന്നും. എന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഈ കഥാപാത്രമെന്നും അപ്പാനി ശരത്ത് പറഞ്ഞു.
വിശപ്പും, വർണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് ആണ്. പി മുരുഗേശ്വരൻ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ്-ബി ലെനിൻ, സംഭാഷണം-എം.തങ്കരാജ്, ഗാനരചന- ചന്ദ്രൻ മാരി, ക്രിയേറ്റീവ് കോൺട്രിബൂട്ടർ – രാജേഷ് ബി, പ്രൊജക്ട് കോ ഓർഡിനേറ്റർ- ബാദുഷ, ലൈൻ പ്രൊഡുസർ-വിഹാൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മാരുതി ക്രിഷ്, ആർട്ട് ഡയറക്ടർ- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂമർ-ബുസി ബേബി ജോൺ. എന്നിവരാണ് അണിയറ പ്രവർത്തകർ.
ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തിൽ ശരത് അപ്പാനിയോടപ്പം ആദിവാസി കലാകാരൻമാരും അണിനിരക്കുന്നുണ്ട്. ബാഹുബലിയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ ആയോധന കലക്ക് പ്രധാന്യം നൽകി വിജീഷ് മണി സംവിധാനം ചെയ്യുന്ന ഇന്ത്യൻ ഭാഷകളിലും, ചൈനീസിലുമായി അടുത്ത വർഷം ആരംഭിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.















