തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ ഇന്നും ശക്തമായ മഴ ലഭിക്കും. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ള ഇടുക്കിയിലാണ് റെഡ് അലർട്ട്.
കോട്ടയം , പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതേ തുടർന്ന് മൂന്ന് ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. എറണാകുളം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി.
മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടൽ ക്ഷോഭത്തിന് സാദ്ധ്യതയുള്ളതിനാൽ തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെ തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരും. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായി മാറുമെന്നാണ് വിലയിരുത്തൽ.
Comments