ലക്നൗ : ലഖിംപൂർ ഖേരിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ബംഗാളിലെ കൊലപാതകങ്ങളുടെ കേന്ദ്രമാക്കിയ ആളാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോടായിരുന്നു സുവേന്ദു അധികാരിയുടെ പ്രതികരണം.
മമതാ ബാനർജി ഒരു അവസരവാദിയാണ്. മമതയാണ് ബംഗാളിനെ കൊലപാതകങ്ങളുടെ കേന്ദ്രമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ 55 ബിജെപി പ്രവർത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഇത്തരത്തിൽ സംസ്ഥാനത്തെ കൊലപാതകങ്ങളുടെ കേന്ദ്രമാക്കി മാറ്റിയ മമതയാണ് ലംഖിപൂർ ഖേരി സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചോദ്യം ചെയ്യുന്നതെന്നും സുവേന്ദു അധികാരി പറഞ്ഞു.
ബംഗാൾ ഉപതെരഞ്ഞെടുപ്പ് യഥാർത്ഥ തെരഞ്ഞെടുപ്പല്ല. മമതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സൗജന്യമാണ്. ഭബാനിപൂരിൽ ഭൂരിപക്ഷം പേരും മമതയ്ക്ക് എതിരാണ്. കള്ളവോട്ടുകളുടെ സഹായത്തോടെയാണ് മമത വിജയിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയാണ് ലഖിംപൂർ ഖേരി സംഭവത്തിൽ യോഗിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മമതാ ബാനർജി രംഗത്ത് എത്തിയത്. രാമരാജ്യത്തിന് പകരം യുപിയെ ബിജെപി സർക്കാർ കൊലപാതകങ്ങളുടെ രാജ്യമാക്കി മാറ്റുകയാണെന്നായിരുന്നു മമതയുടെ പരാമർശം. ലംഖിപൂർ ഖേരിയിൽ നടന്ന തികച്ചും സങ്കടകരമായ സംഭവമാണ്. അപലപിക്കാൻ വാക്കുകളില്ല. ബിജെപി സർക്കാർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല. അവർക്ക് അക്രമമാണ് വേണ്ടത്. ഇതാണോ രാമ രാജ്യം?. അല്ല ഇത് കൊലപാതകങ്ങളുടെ രാജ്യമാണെന്നും മമത പറഞ്ഞിരുന്നു,
Comments