പർവ്വതാരോഹണത്തിൽ ജൈത്രയാത്ര തുടർന്ന് ഇന്ത്യൻ സഹോദരിമാരായ ടാഷി മാലിക്കും നുങ്ഷി മാലിക്കും. 13,000 അടി ഉയരമുള്ള സ്വിറ്റ്സർലാൻഡിലെ ബ്രെയ്തോൺ, അല്ലാലിൻഹോൺ പർവതനിരകൾ കീഴടക്കി ഇവർ കഴിഞ്ഞ ദിവസം ഇന്ത്യൻ പതാക നാട്ടി രാജ്യത്തിന് അഭിമാനമായി. എവറസ്റ്റ് ട്വിൻസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇവർ ആദ്യമായല്ല ഉയരങ്ങൾ താണ്ടുന്നത്. 2013ൽ ലോകത്തിലെ ഉയരം കൂടിയ കൊടിമുടിയായ എവറസ്റ്റ് കീഴടക്കി ഇരട്ടസഹോദരിമാർ ചരിത്രം കുറിച്ചിരുന്നു.
ഉത്തരാഖണ്ഡിലെ ഉൾനാടൻ ഗ്രാമമായ ജോരി സ്വദേശികളാണ് ടാഷിയും നുങ്ഷിയും. 21-ാം മത്തെ വയസ്സിൽ എവറസ്റ്റ് കീഴടക്കി ലോകത്തെ ഞെട്ടിച്ചവരാണ് ഈ ഇരട്ട സഹോദരിമാർ. എവറസ്റ്റിന്റെ നെറുകയിൽ എത്തുന്ന ആദ്യ ഇരട്ടസഹോദരിമാരെന്ന റെക്കോർഡും ഇവർക്ക് സ്വന്തം.
2013 മെയ് 16-ന് ആദ്യ ക്യാമ്പും പിറ്റേന്ന് രണ്ടും മൂന്നും ക്യാമ്പും സംഘം താണ്ടി. 18-ാം തീയതിയാണ് എവറസ്റ്റിന്റെ 7,900 അടി ഉയരത്തിലുള്ള നാലാമത്തെ ക്യാമ്പിൽ അവരെത്തിയത്. നാലംഗ സംഘത്തിനൊപ്പമാണ് ഇവർ എവറസ്റ്റ് കീഴടിക്കിയത്. ഒപ്പമുണ്ടായിരുന്നത് പാക് സഹോദരങ്ങളായിരുന്നു.
ഇരുപത്തിയൊൻപതുകാരനായ മിർസ അലിയും ഇരുപത്തിരണ്ടുകാരിയായ സാമിന ബെഗും. ഇന്ത്യ-പാക് സമത്വ സാഹസികയാത്ര എന്നാണ് ഇതിന് അവർ നൽകിയ പേര്. താഷിയും നുങ്ഷിയും എവറസ്റ്റ് കീഴടക്കിയ ആദ്യ ഇരട്ടകളെന്ന ചരിത്രം രചിച്ചപ്പോൾ സാമിന ഈ നേട്ടം കൈവരിക്കുന്ന ആദ്യ പാക് വനിതയായി. ആഫ്രിക്കയിലെ കിളിമഞ്ജാരോയടക്കം ഒട്ടേറെ കൊടുമുടികൾ ടാഷിയും നുങ്ഷിയും ഇതിനോടകം കീഴടക്കിയിട്ടുണ്ട്.
അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സ്വിറ്റ്‌സർലാൻഡ് വേദിയായ വിമൻ പീക്ക് ചലഞ്ചിലാണ് മാലിക് സഹോദരിമാർ പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. വിവിധ രാജ്യങ്ങളിൽ നിന്നായി 400ലധികം സ്ത്രീകളാണ് പർവതാരോഹണ പരിപാടിയിൽ പങ്കെടുത്തത്. 4,000 മീറ്ററിൽ കൂടുതൽ പർവതാരോഹണം നടത്താത്ത സ്ത്രീകൾ പോലും ചലഞ്ചിൽ പങ്കെടുത്ത് ചരിത്രം സൃഷ്ടിച്ചിരുന്നു.
ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും സ്വിറ്റ്സർലാൻഡ് മലനിരകൾ എന്നും തങ്ങളുടെ സ്വപ്നമായിരുന്നുവെന്നും ഇരട്ട സഹോദരിമാർ മത്സരത്തിന് ശേഷം പ്രതികരിച്ചു.
സാധാരണയായി സ്ത്രീകൾ കടന്നുവരാൻ മടിക്കുന്ന മേഖലയാണ് പർവ്വതാരോഹണം. എന്നാൽ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ നിന്നെത്തി ലോകത്തിന്റെ കൊടിമുടികൾ കീഴക്കുന്ന ഈ സഹോദരിമാരുടെ നേട്ടം സ്ത്രീ സമൂഹത്തിന് പ്രചോദനവും ആത്മവിശ്വാസവും പകരം എന്നതിൽ സംശയമില്ല.














