ശ്രീനഗർ : ഭീകരർ അതിക്രൂരമായി കൊലപ്പെടുത്തിയ കശ്മീരി പണ്ഡിറ്റ് മഖാൻ ലാൽ ബിൻദ്രോയോടുള്ള ആദര സൂചകമായി റോഡിന് അദ്ദേഹത്തിന്റെ പേര് നൽകാൻ തീരുമാനിച്ച് ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷൻ. ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ ജുനൈദ് മാട്ടോ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഭീകരാക്രമണത്തിന് ഇരയായി വ്യാപാരി കൂടിയായ ബിൻദ്രാ കൊല്ലപ്പെട്ടത്.
ഹാഫ്ത് ചിനാർ ചൗക്കിൽ നിന്നും ജഹാംഗീർ ചൗക്കിലേക്കുള്ള പാതയാണ് പുന:ർനാമകരണം ചെയ്യുന്നത്. ജീവിച്ചിരിക്കുമ്പോൾ ബിൻദ്രോ നാടിന് നൽകിയ വിശിഷ്ട സംഭാവനകൾ പരിഗണിച്ചാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട പ്രമേയം മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുമെന്ന് ജുനൈദ് മാട്ടോ ട്വീറ്റ് ചെയ്തു.
ശ്രീനഗറിലെ ഇക്ബാൽ പാർക്കിൽ ഫാർമസി നടത്തിവരികയായിരുന്നു ബിൻദ്രോ. മികച്ച കമ്പനി മരുന്നുകൾ മാത്രം കടയിലൂടെ വിൽപ്പന നടത്തിയിരുന്ന അദ്ദേഹം പലപ്പോഴും സൗജന്യമായാണ് പാവങ്ങൾക്ക് മരുന്ന് നൽകിയിരുന്നത്.
1990 കളിൽ ബിൻദ്രോയ്ക്കൊപ്പമുള്ള മറ്റ് കശ്മീരി പണ്ഡിറ്റുകൾ ഭീകരരെ ഭയന്ന് നാടുവിട്ടെങ്കിലും അദ്ദേഹവും കുടുംബവും പ്രദേശത്ത് തുടരുകയായിരുന്നു. അന്ന് മുതൽ ഫാർമസിയിലൂടെയാണ് അദ്ദേഹം ഉപജീവനം നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ ഫാർമസിയ്ക്ക് സമീപമുള്ള സൈനിക ബങ്കറിന് നേരെ ഇക്കാലയളവിനിടെ നിരവധി തവണയാണ് ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുള്ളത്. അനവധി തവണ അദ്ദേഹത്തിന്റെ ഫാർമസിയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എങ്കിലും പലായനം ചെയ്യാതെ അദ്ദേഹം പ്രദേശത്ത് തുടരുകയായിരുന്നു.
ചൊവ്വാഴ്ച ഫാർമസിയിൽ എത്തിയാണ് ബിൻദ്രോയെ ഭീകരർ കൊലപ്പെടുത്തിയത്. ആളുകൾക്ക് മരുന്ന് നൽകുകയായിരുന്ന അദ്ദേഹത്തെ ഭീകരർ ഫാർമസിയിൽ നിന്നും പിടിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.
Comments