തിരുവനന്തപുരം : ജമ്മു കശ്മീരിൽ അദ്ധ്യാപകർക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി എബിവിപി. ഭീകരർക്കെതിരായ പോരാട്ടത്തിൽ ജമ്മുകശ്മീർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും, ഭീകരതയ്ക്കും ഭീഷണികൾക്കും മുന്നിൽ ഭാരതീയർ മുട്ടുമടക്കില്ലെന്നും എബിവിപി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
കശ്മീരിൽ സ്കൂൾ പ്രിൻസിപ്പാലിനേയും അദ്ധ്യാപകനേയും, അവരുടെ ഐഡി കാർഡിലെ മതം നോക്കി, വേർതിരിച്ച് മാറ്റിനിറുത്തി വെടി വച്ചു കൊലപ്പെടുത്തിയ ഭീകരവാദികളുടെ നടപടിയിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഇത്തരത്തിൽ ആകെ 4 സാധാരണക്കാരെയാണ് ഭീകരർ കൊലപ്പെടുത്തിയത്. അതിൽ രണ്ടു പേർ കശ്മീരി പണ്ഡിറ്റുകളാണ്. ഒരാൾ സിഖ് മതവിശ്വാസിയും മറ്റൊരാൾ ബീഹാറിൽ നിന്നുള്ള തെരുവോര കച്ചവടക്കാരനുമാണെന്ന് എബിവിപി ഫേസ്ബുക്കിൽ കുറിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കി, കശ്മീരിനെ എല്ലാ അർത്ഥത്തിലും ഭാരതത്തിന്റെ ഭാഗമാക്കിയതിനു ശേഷം, ഭീകരവാദത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും കശ്മീർ ശാന്തിയുടേയും വികസനത്തിന്റേയും ക്രിയാത്മകതയുടേയും വഴികളിലൂടെ സഞ്ചരിച്ചു തുടങ്ങുകയാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് ആട്ടിയോടിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകൾ പുനരധിവസിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒരു കാലത്ത് ഭാരതത്തിന്റെ സൈന്യത്തെ കല്ലെറിയുവാൻ നടന്നിരുന്ന കാശ്മീരി യുവജനത, വിദ്യാഭ്യാസത്തിന്റേയും കച്ചവടത്തിന്റേയും സൈനിക സേവനത്തിന്റേയുമൊക്കെ വഴികൾ തെരഞ്ഞെടുത്ത് കൊണ്ട് രാഷ്ട്ര പുന:നിർമ്മാണത്തിൽ പങ്കാളികളാകുവാൻ മുന്നോട്ടു വരുന്നു. കശ്മീരിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുവാൻ കമ്പനികൾ മുന്നോട്ടു വരുന്നു. അക്ഷരാർത്ഥത്തിൽ കശ്മീർ മാറുകയാണ്. കവി പാടിയതു പോലെ, ലോകത്തിലെ സ്വർഗ്ഗമായി കശ്മീർ മാറുന്നു.
ഈ ഒരു സാഹചര്യത്തിലാണ് കശ്മീരിനെ അശാന്തമാക്കി, വിദ്വേഷത്തിന്റെ വിത്തു മുളപ്പിക്കുവാൻ വീണ്ടും പഴയ വിധ്വംസക ശക്തികൾ ശ്രമിക്കുന്നത്. കശ്മീരിനെ എക്കാലവും അസ്ഥിരമാക്കി നിലനിറുത്തേണ്ടത് അവരുടേയും അവരെ നിയന്ത്രിക്കുന്ന, അവർക്കായി വാദിക്കുന്ന അകത്തും പുറത്തും ഉള്ള വിഘടനവാദികളുടേയും ആവശ്യമാണ്. അതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളിൽ കശ്മീരിൽ നടന്ന ഭീകരാക്രമണങ്ങൾ. അദ്ധ്യാപകരേയും സ്ത്രീകളേയുമൊക്കെ അവരുടെ മതം നോക്കി കൊലപ്പെടുത്തുകയാണ്. ഈ ഭീകരതയ്ക്കും ഭീഷണികൾക്കും മുന്നിൽ ഭാരതീയർ മുട്ടുമടക്കില്ല. ഒറ്റക്കെട്ടായി നിന്ന് നാം പോരാടും. കാശ്മീരിനെ ഭാരതത്തിലെ സ്വർഗ്ഗമാക്കി മാറ്റുമെന്നും എബിവിപി വ്യക്തമാക്കി.
Comments