ബംഗളുരു: കോൺഗ്രസ് പാർട്ടിയെ രാഹുൽ ഗാന്ധി നയിക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. പാർട്ടി പ്രസിഡന്റ് സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് ഏറെ നാളായി ആവശ്യപ്പെടുന്ന വ്യക്തിയാണ് സിദ്ധരാമയ്യ. ‘ രാഹുൽ കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് വരണമെന്നത് ഞാൻ ഏറെ നാളായി ആവശ്യപ്പെടുന്ന ഒന്നാണ്. എത്രയും വേഗം ആ സ്ഥാനം രാഹുൽ ഏറ്റെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. സോണിയക്ക് പ്രസിഡന്റ് സ്ഥാനത്തിരുന്ന് ചുമതലകൾ നിർവഹിക്കാൻ കഴിയില്ലെന്നല്ല ഞാൻ പറയുന്നത്. അവർ ആരോഗ്യം ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ് രാഹുൽ എത്രയും വേഗം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും’ സിദ്ധരാമയ്യ പറഞ്ഞു.
രാഹുലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നത് ദേശീയ രാഷ്ട്രീയത്തിൽ കണ്ണ് നട്ടാണെന്ന ആരോപണങ്ങളേയും സിദ്ധരാമയ്യ തള്ളിക്കളഞ്ഞു. തനിക്ക് ദേശീയ രാഷ്ട്രീയത്തിൽ താത്പര്യം ഇല്ലെന്നും, ഇക്കാര്യം സോണിയ ഗാന്ധിയെ നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ‘ ചില ആളുകൾ എനിക്ക് എതിരായി ആരോപണങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഞാൻ ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നുവെന്നാണ് അവർ പറയുന്നത്. എന്നാൽ അത്തരത്തിൽ ഒരു ചർച്ചകളും ഉണ്ടായിട്ടില്ല. അതിന് താത്പര്യമില്ലെന്നും’ സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് രാഹുൽ നേതൃപദവി ഏറ്റെടുക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്.
Comments