18-വർഷം മുൻപ് കാണാതായ സഹോദരനെ ഇൻസ്റ്റഗ്രാം റീൽസിലൂടെ കണ്ടെത്തിയ സന്തോഷത്തിലാണ് ഒരു യുവതി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഇൻസ്റ്റഗ്രാം റീൽസ് വഴികാട്ടിയായെങ്കിൽ ഒടിഞ്ഞ പല്ലാണ് തിരിച്ചറിയൽ രേഖയായത്. ഹാത്തിപൂർ വില്ലേജിലെ രാജ്കുമാരിയാണ് കഥാനായിക. ഇൻസ്റ്റഗ്രാം റീലുകൾ കാണുന്നതിനിടെയാണ് ഏറെ പരിചയമുള്ള ഒരു മുഖം മുന്നിൽപ്പെട്ടത്. ഇതോടെ അവളൊന്ന് ഞെട്ടി. ജയ്പൂരിൽ നിന്നുള്ള ഒരു യുവാവിൻ്റേതായിരുന്നു റീൽ. ഇതിൽ യുവാവിന്റെ പല്ലിന് പൊട്ടലുണ്ടായിരുന്നു. കുട്ടിക്കാലത്ത് തന്റെ സഹോദരൻ ബാൽ ഗോവിന്ദിന്റെ പല്ലിന് ഉണ്ടായ പൊട്ടലിന് സമാനമായിരുന്നു ഇതായിരുന്നു അവർ യുവാവിനെ ശ്രദ്ധിക്കാൻ കാരണം.
18 വർഷം മുൻപ് ഫത്തേഹ്പുരിൽ നിന്ന് മുംബൈയിലേക്ക് ജോലിക്കായി പോയതായിരുന്നു ബാൽ ഗോവിന്ദ് പിന്നീട് മടങ്ങിയെത്തിയില്ല. മുംബൈയിലെത്തിയ ശേഷം കൂട്ടുകാരെ ഉപേക്ഷിച്ച് ഗോവിന്ദ് വിവിധയിടങ്ങളിൽ ജോലി ചെയ്തു. ചില സുഹൃത്തുക്കളുമായി ബന്ധം പുലർത്തിയിരുന്നെങ്കിലും പിന്നീട് ഇതും അവസാനിപ്പിച്ചു. ഇതിനിടെ സുഹൃത്തുക്കളെല്ലാം ഗ്രാമത്തിലേക്ക് മടങ്ങി. എന്നാൽ ഗോവിന്ദ് മുംബൈയിൽ തന്നെ തുടർന്നു.
അസുഖബാധിതനായതോടെ നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ കയറിയെങ്കിലും ഇറങ്ങിയത് ജയ്പൂരിലായിരുന്നു. അവശനായി സ്റ്റേഷനിലിരുന്ന ഗോവിന്ദ് ഒരാളുമായി സൗഹൃദത്തിലായി. പിന്നീട് ആരോഗ്യം മെച്ചപ്പെട്ടപ്പോൾ ഇയാൾ ഗോവിന്ദിന് ഒരു ഫാക്ടറിയിൽ ജോലി വാങ്ങി നൽകി. ജീവിതം പച്ചപിടിച്ചതോടെ ഗോവിന്ദ് ഇശ്വർ ദേവിയെന്ന യുവതിയെ വിവാഹം കഴിച്ചു. ഇരുവർക്കും രണ്ടുമക്കളും ജനിച്ചു. അപ്പോഴും ഗോവിന്ദിന്റെ പൊട്ടിയ പല്ല് അതേപടി തുടർന്നു.
ജയ്പൂരിലെ പ്രധാന ഇടങ്ങളിൽ നിന്ന് റീൽസ് ചെയ്യുന്ന ഹോബിയും ഗോവിന്ദിനുണ്ടായിരുന്നു. ഇതിലൊര് റീലാണ് രാജ്കുമാരിയുടെ മുന്നിലെത്തിയത്. പല്ലിന്റെ പൊട്ടലാണ് രാജ്കുമാരിക്ക് പ്രതീക്ഷ നൽകിയത്. പിന്നീട് ഗോവിന്ദിന്റെ ഫോൺനമ്പർ തേടിപിടിച്ച് രാജ്കുമാരി സഹോദരന ബന്ധപ്പെട്ടു. അദ്യം ഗോവിന്ദ് മടിയോടെയാണ് സംസാരിച്ചതെങ്കിലും ബാല്യകാല്യ ഓർമ്മകൾ പങ്കുവച്ചതോട അവർ രക്തബന്ധം ഉറപ്പിച്ചു. തിരികെ വരണമെന്ന രാജ്കുമാരിയുടെ അപേക്ഷ ഗോവിന്ദ് അംഗീകരിച്ചു.
ജൂൺ 20ന് ബാൽഗോവിന്ദ് ഹാത്തിപൂരിലെത്തി 18 വർഷത്തിന് ശേഷം സഹോദരിയെയും ബന്ധുക്കളെയും കണ്ടു. കുടുംബത്തിനൊപ്പം ചേർന്നു. ബന്ധുക്കളെ തിരിച്ചറിയാൻ ഗോവിന്ദ് അല്പം ബുദ്ധിമുട്ടിയെങ്കിലും സഹോദരി സഹായായി. സോഷ്യൽ മീഡിയയിൽ നിന്ന് ചിലപ്പോഴെങ്കിലും നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് രാജ്കുമാരി വൈകാരികമായി പ്രതികരിച്ചു.