ഭുബനേശ്വർ : ഒഡീഷയിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഭീകരരെയാണ് വധിച്ചത്. മാൽക്കംഗിരിയിലായിരുന്നു ഏറ്റുമുട്ടൽ.
ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. മൈഥിലി പോലീസ് സ്റ്റേഷൻ പരിധിയിലെ തുൽസി പഹദ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ കമ്യൂണിസ്റ്റ് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ.
മേഖലയിൽ എത്തിയ സുരക്ഷാ സേനയ്ക്ക് നേരെ മറഞ്ഞു നിന്ന് കമ്യൂണിസ്റ്റ് ഭീകരർ വെടിയുതിർത്തു. തുടർന്ന് സുരക്ഷാ സേനയും ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം നടത്തിയ തെരച്ചിലിലാണ് കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കമ്യൂണിസ്റ്റ് ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിച്ചുവരികയാണ്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റുമുട്ടൽ മേഖലയിൽ തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Comments