മുംബൈ: വീര സവർക്കർ ഒരിക്കലും മുസ്ലീങ്ങളുടെ ശത്രുവായിരുന്നില്ലെന്നും, അദ്ദേഹം ഉറുദു ഭാഷയിൽ ധാരാളം ഗസലുകൾ എഴുതിയിട്ടുണ്ടെന്നും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. സ്വാതന്ത്ര്യത്തിന് ശേഷം വീര സവർക്കറിനേയും മറ്റ് ചിലരേയും മോശക്കാരാക്കി ചിത്രീകരിക്കാൻ ചിലർ നിരന്തരമായ ശ്രമങ്ങൾ നടത്തി. വളരെ വേഗത്തിൽ നടത്തിയ ഒരു വലിയ ക്യാമ്പെയ്ൻ തന്നെയായിരുന്നു അത്. അത് നടന്നിരിക്കുകയാണ്. അതിന് ശേഷം സ്വാമി വിവേകാനന്ദനേയും ദയാനന്ദിനേയും സ്വാമി അരവിന്ദനേയും സമാനമായ രീതിയിൽ ലക്ഷ്യമിട്ടിരുന്നതായും മോഹൻ ഭാഗവത് പറഞ്ഞു. വിവരാവകാശ കമ്മീഷണറും മുൻ പത്രപ്രവർത്തകനുമായിരുന്ന ഉദയ് മഹൂർക്കറിന്റെ ‘വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടീഷൻ’എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഐക്യത്തെ ഇഷ്ടപ്പെടാത്തവരാണ് ഇവരെ എതിർക്കുന്നത്. എല്ലാവരും ഇവിടെ തുല്യരാണ്. അതുകൊണ്ട് തന്നെ ഒറ്റപ്പെടലിനെ കുറിച്ചോ മറ്റ് മുൻഗണനകൾ ലഭിക്കുന്നതിനെ കുറിച്ചോ സംസാരിക്കേണ്ടതില്ല. പാർലമെന്റിൽ തന്നെ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കൂ. അവിടെ ഏതൊക്കെ രീതിലുള്ള തർക്കങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷേ പുറത്തിറങ്ങിയാൽ എല്ലാവരും ഒരുമിച്ച് ചായ കുടിക്കുകയും, മറ്റുള്ളവരുടെ വിവാഹത്തിന് പോവുകയും ചെയ്യും. ഹിന്ദുത്വത്തെ കുറിച്ചും ഇന്ത്യൻ സമൂഹത്തിന്റെ ഐക്യത്തെ കുറിച്ചുമെല്ലാം ആളുകൾ സംസാരിച്ചിരുന്നു. എന്നാൽ സവർക്കർ അതിനെകുറിച്ച് ഉറക്കെ സംസാരിച്ചു. എല്ലാവരും ഉറക്കെ സംസാരിച്ചിരുന്നെങ്കിൽ രാജ്യത്തിന്റെ വിഭജനം ഉണ്ടാകില്ലായിരുന്നു.
ഹിന്ദുത്വത്തെ സവർക്കറുടെ ഹിന്ദുത്വം, വിവേകാനന്ദന്റെ ഹിന്ദുത്വം എന്നൊക്കെ വിശേഷിപ്പിക്കുന്നത് ഇപ്പോൾ ഒരു ഫാഷനാണ്. ഹിന്ദുത്വ എന്നാൽ ഒന്നാണെന്നാണ് അർത്ഥം. അത് അവസാനം വരെ അങ്ങനെ നിലനിൽക്കും. മരണത്തിന് ശേഷം അടുത്ത ജന്മത്തിൽ ഇന്ത്യയിൽ ജനിക്കണമെന്നാണ് അഷ്ഫാക്കുള്ള ഖാൻ പറഞ്ഞത്. ഇങ്ങനെയുള്ള മുസ്ലീം നേതാക്കളുടെ പേരുകൾ ഉയർന്ന് വരണം. വീര സവർക്കർ ഒരിക്കലും മുസ്ലീങ്ങളുടെ ശത്രു ആയിരുന്നില്ല. അദ്ദേഹം ഉറുദുവിൽ ധാരാളം ഗസലുകൾ എഴുതിയിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അപ്പോഴും നമ്മൾ ഒരുമിച്ച് മുന്നോട്ട് പോകും, ചർച്ചകൾ നടത്തും. ഇതാണ് ദേശീയതയുടെ അടിസ്ഥാന ഘടകം. ഇതൊന്നും അറിയാത്തവരാണ് വീര സവർക്കറെ അപമാനിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
Comments