17 വർഷമായി വനത്തിൽ സ്വന്തം കാറിനകത്ത് തങ്ങുന്ന ഒരു മനുഷ്യൻ. അതിജീവന ത്തിന്റെ കഥപറയുകയാണ്.ചന്ദ്രശേഖരനെന്ന വ്യക്തി. ആരോടും പരിഭവമില്ല.. എന്നാൽ ഇന്നും മനസ്സുനീറുന്നു. നിധി പോലെ കൃഷി ചെയ്ത ഒന്നര ഏക്കർ മണ്ണും പുരയിടവും വെറും 40,000 രൂപ തിരിച്ചടയ്‌ക്കാതിരുന്നതിന്റെ പേരിൽ അധികൃതർ ജപ്തിചെയ്തതു. ഇത് ദക്ഷിണ കർണ്ണാടകയിലെ സുള്ളിയ സ്വദേശിയുടെ ജീവിതാനുഭവമാണ്.
കർണ്ണാടകത്തിലെ ആരന്തോട് നേക്കര ഗ്രാമത്തിലെ വനപ്രദേശത്താണ് ചന്ദ്രശേഖരൻ എന്ന വ്യക്തി കാറ് വീടാക്കി കഴിയുന്നത്. 2003ലാണ് കൃഷി ആവശ്യത്തിനായി ഒരു സഹകരണ ബാങ്കിൽ നിന്നും ചന്ദ്രശേഖരൻ വായ്പയെടുത്തത്. എന്നാൽ പിന്നീട് ഒരു രൂപ പോലും തിരികെ യടക്കാനാകാത്തവിധം പ്രതിസന്ധിയിലായെന്നാണ് ചന്ദ്രശേഖരൻ പറയുന്നത്.
നിയമനടപടിയിലൂടെ ബാങ്ക് ഒന്നരഏക്കർ പുരയിടവും വീടും ജപ്തിചെയ്തതോടെ കർഷകനായ ചന്ദ്രശേഖരൻ തന്റെ സ്വത്തായിരുന്ന പ്രീമിയർ പദ്മനിനി കാറും ഒരു സൈക്കിളുമായി കാടുകയറുകയായിരുന്നു.വീടും പറമ്പും കൃഷിയിടവുമില്ലാതെയായിട്ടും ചന്ദ്രശേഖരൻ തളർന്നില്ല. ആദ്യം കുറച്ചുനാൾ സഹോദരിയുടെ വീട്ടിൽ അഭയം തേടി. പിന്നീട് ഏപ്പോഴോ ഈ പ്രകൃതിയിൽ ലയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
കാറുമായി കാട്ടിലേക്ക് കുറേ ദൂരം ഓടിച്ചുപോയി. മൂന്ന് നാല് കിലോമീറ്റർ ദൂരത്തിൽ ഓടിച്ചു. സൗകര്യം നോക്കി ഒരു മരത്തണൽ കണ്ടെത്തി. വാഹനം അവിടെ നിർത്തി. അന്നുമുതൽ ആ കാറ് അവിടെ തന്നെ. അത് വീടാക്കി വാസം തുടങ്ങി. കാറിനെ മഴയിൽ നിന്നും അല്പമൊന്ന് രക്ഷിക്കാൻ ഒരു പ്ലാസ്റ്റിക് ഷീറ്റ് മുകളിൽ വലിച്ചുകെട്ടി. പിന്നീടത് മുളകൊണ്ട് കാലിട്ട് ഒരു ഷെഡ്ഡാക്കിമാറ്റി. കാറിനകത്ത് എല്ലാമുണ്ട്. തന്റെ ജീവിതത്തിലെ അമൂല്യ രേഖകളെല്ലാം ഇന്നും സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു. ഒപ്പം ഒരു റേഡിയോവിലൂടെ വാർത്തകളെല്ലാം കേൾക്കും ഈ 56 കാരൻ.
മുടി വെട്ടാതെ, തലമുടി നീട്ടി, താടി നീട്ടി വളർത്തി ഒരു അവധൂതനായി ജീവിതം. എന്നാൽ കാട്ടിലാണെങ്കിലും മനുഷ്യരെ കഴിയും പോലെ സഹായിക്കുമെന്ന് ഈ ഗ്രാമീണൻ തെളിയിക്കുന്നു. കാട് തന്നിരിക്കുന്ന അവസരം ഉപയോഗിച്ച് ചൂരലുകളും വള്ളികളും ഉപയോഗിച്ച് നല്ല കുട്ടകൾ നിർമ്മിക്കാൻ പഠിച്ച ചന്ദ്രശേഖരൻ അത് ദൂരെ ഗ്രാമത്തിലും പട്ടണത്തിലും തന്റെ സൈക്കിൾ ചവിട്ടി കൊണ്ടുപോയി കൊടുത്ത് അതിന് ഭക്ഷണ സാധനങ്ങൾ വാങ്ങി തിരികെ കാട്ടിലെത്തുന്നു. അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നു.17 വർഷങ്ങളായി തുടരുന്നു ഈ വിചിത്രമെന്ന് തോന്നുന്ന സ്വാഭാവിക ജീവിതം.
കാട്ടരുവിയിൽ നിന്നുള്ള ശുദ്ധജലം കുടിക്കും. കുളിയും അവിടെനിന്നു തന്നെ. പക്ഷികളും മൃഗങ്ങളും കൂട്ട്. ആരോടും ദേഷ്യമില്ല.ചിലപ്പോഴൊക്കെ ആനയടക്കമുള്ള കാട്ടുമൃഗങ്ങളുടെ ഉപദ്രവം ഉണ്ടായിട്ടുണ്ടെങ്കിലും പരിഭവിക്കാതെ ജീവിതം തുടരുന്നു. വനപാലകർക്കും ചന്ദ്രശേഖരനോട് ദേഷ്യമില്ല. വനം കയ്യേറിയതായി പരാതിയുമില്ല. കാരണം ചന്ദ്രശേഖരൻ ഇപ്പോൾ വനത്തിന്റെ സൂക്ഷിപ്പുകാരനാണ്. വനത്തോട് തനിക്കുള്ള കടപ്പാടും ചന്ദ്രശേഖരൻ തുറന്നുപറയുന്നു. ഈ കാടാണ് തന്നെ സംരക്ഷിക്കുന്നത്. താൻ ഒരിക്കലും തന്റേതല്ലാത്ത ഒരു പുൽക്കൊടിപോലും പറിക്കില്ല. നശിപ്പിക്കില്ല. ഞാനൊരു കുറ്റിച്ചെടിപോലും ഇവിടെ നിന്നും പറിക്കില്ല. വനപാലകർക്ക് തന്റെ മേലുള്ള വിശ്വാസം താനായി തകർക്കില്ലെന്നും ചന്ദ്രശേഖരൻ പറയുന്നു.
ഒരിക്കൽ കളക്ടർ എത്തി പുനരധിവസിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മടങ്ങിയെന്നും ചന്ദ്രശേഖരൻ ഓർമ്മിക്കുന്നു. തന്റെ പഴയ കൃഷി ഭൂമിയും വീടും തിരികെ ലഭിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അതിനായി ആരുടേയും പുറകേ പോകാൻ താൽപ്പര്യമില്ല. ഇതിനിടെ ഗ്രാമത്തിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെത്തി ചന്ദ്രശേഖരന് കൊറോണ വാക്‌സിൻ നൽകി. ലോക്ഡൗണിലായിരിക്കേ കാട്ടിലെ കിഴങ്ങുകളും പഴങ്ങളുമാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും ഈ കാറ് വീടാക്കേണ്ടി വന്ന ഗ്രാമീണൻ പറയുന്നു. ആ ദിവസം കാത്തിരിക്കുന്നു തന്റെ പഴയ കാറിൽ പഴയവീട്ടുപടിക്കലേക്ക് സ്വയം ഓടിച്ച് പോകുന്ന ആ സുന്ദരമായ കാലം… തന്റെ ചെറിയ ആഗ്രഹം മനസ്സിലൊതുക്കി ചന്ദ്രശേഖരൻ ഉറങ്ങാൻ കിടന്നു. തന്റെ സ്വന്തം കാറിൽ.














