ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ജവാന് വീരമൃത്യു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. രജൗരി ജില്ലയിൽ രാത്രിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
മെന്ദർ താലൂക്കിലെ ബിംബെർ ഗാലി ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിടികൂടാൻ എത്തിയപ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മറഞ്ഞിരുന്ന ഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തിൽ ജൂനിയർ കമ്മീഷൺ ഓഫീസറാണ് വീരമൃത്യുവരിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ജവാന്മാർ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മലയാളി ഉൾപ്പെടെ അഞ്ച് ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. വിവിധയിടങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഏഴോളം ഭീകരരെ സെെന്യം വധിച്ചു.
Comments