ന്യൂഡൽഹി : ഈ മാസം നടക്കാനിരിക്കുന്ന മോസ്കോ ഫോർമാറ്റ് മീറ്റിംഗിൽ നിന്നും വിട്ടുനിൽക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. അഫ്ഗാനിൽ താലിബാൻ അധിനിവേശത്തിന് ശേഷം നടക്കുന്ന പരിപാടിയിൽ ഇന്ത്യ പങ്കെടുക്കുമോയെന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിൽ സംശയം ഉളവാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 20 നാണ് മോസ്കോ ഫോർമാറ്റ്. ജോയിന്റ് സെക്രട്ടറി തലത്തിലുളള ഉദ്യോഗസ്ഥരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. ഇത് രണ്ടാമത്തെ തവണയാണ് താലിബാനോടൊപ്പം ഇന്ത്യ വേദി പങ്കിടുന്നത്. നേരത്തെ ദോഹയിൽ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്താറും, താലിബാൻ നേതാവ് മുഹമ്മദ് അബ്ബാസ് സ്റ്റനെക്സിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
അഫ്ഗാനിലെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും വേണ്ടി 2017 ലാണ് മോസ്കോ ഫോർമാറ്റ് രൂപീകരിച്ചത്. അഫ്ഗാൻ, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങൾക്ക് പുറമേ ചൈന, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളും മോസ്കോ ഫോർമാറ്റിലെ അംഗങ്ങളാണ്. താലിബാൻ അധിനിവേശത്തിന് പിന്നാലെ ലോകരാജ്യങ്ങൾ അഫ്ഗാനിൽ നിന്നും അകലം പാലിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വേദികളിൽ ഇടം നൽകുന്നതിനും രാജ്യങ്ങൾ വിസമ്മതിക്കുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിന് മോസ്കോ ഫോർമാറ്റ് തുടരാനുള്ള തീരുമാനം റഷ്യയുടേതാണ്.
അതേസമയം അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ അഫ്ഗാൻ ജനതയ്ക്കൊപ്പം നിലകൊള്ളുമെന്ന് അരിന്ദം ബ്ഗാചി ആവർത്തിച്ചു. അഫ്ഗാനോടുള്ള സമീപനം അഫ്ഗാൻ ജനതയോടുളള സൗഹൃദത്തിൽ അധിഷ്ഠിതമാണ്. മനുഷ്യത്വപരമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments