അയൽ രാജ്യമായാലും, സൗഹൃദരാജ്യമായാലും ചൈനയ്‌ക്ക് ഒരു വഴി മാത്രമേ അറിയൂ.. അത് ചതിയുടെ വഴിയാണ്. ഇന്ത്യയെ തകർക്കാൻ അവസരം നോക്കിയിരിക്കുന്ന ചൈന പാകിസ്താനെ കൂട്ടുപിടിച്ചാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയ്‌ക്ക് നേരെ നടത്തുന്ന ഭീകരാക്രമണങ്ങൾക്ക് പകരമായി പാക്‌സിതാന് വേണ്ട സാമ്പത്തിക സഹായങ്ങളും ചൈന ചെയ്തു കൊടുക്കുന്നുണ്ട്്. പാകിസ്താനിലെ കുടിവെള്ള ക്ഷാമം ഇല്ലാതാക്കാൻ ആരംഭിച്ച ദാസു ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ചൈനയാണ്. എന്നാൽ ഇപ്പോൾ ഉറ്റ ചങ്ങാതിയായ പാകിസ്താനെയും കീഴടക്കാൻ ചൈന തയ്യാറായിക്കഴിഞ്ഞു എന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.
പാക്‌സിതാനിലെ ദാസു അണക്കെട്ട് പദ്ധതിയിൽ കൊല്ലപ്പെട്ട ചൈനീസ് എൻജിനീയർമാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ചൈന ആവശ്യപ്പെട്ടു. 285 കോടി രൂപയാണ് ചൈന നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് തന്നാൽ മാത്രമേ അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കൂ എന്നും ചൈന മുന്നറിയിപ്പ് നൽകി. പാകിസ്താൻ ദിനപത്രമാണ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് പുറത്തുവിട്ടത്.
2021 ജൂലൈ 14 ന് ആണ് പാകിസ്താനിൽ ചൈനീസ് വംശജർക്ക് നേരെ ഭീകരാക്രമണം നടന്നത്. സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ അണക്കെട്ടിലേക്ക് പോയ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ഇടിച്ചുകയറ്റുകയായിരുന്നു. 9 ചൈനീസ് എഞ്ചിനീയർമാരും രണ്ട് തദ്ദേശവാസികളും, ഫ്രോണ്ടിയർ കോൺസ്റ്റാബുലറിയിലെ രണ്ട് ഉദ്യോഗസ്ഥരും ഉൾപ്പെടെ 13 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധിപേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പുൽവാമ മോഡൽ ആക്രമണമാണ് ഭീകരർ ഇവിടെ നടത്തിയതെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. വാഹനം പിന്നീട് ഒരു കുഴിയിലേക്ക് മറിഞ്ഞു.
ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്നാണ് പാകിസ്താന്റെ അവകാശവാദം. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ചൈന തയ്യാറല്ല. ചൈനീസ് എഞ്ചിനീയർമാർക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് അണക്കെട്ടിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ചൈനീസ് കമ്പനിയായ ചൈന ഗെസൗബ ഗ്രൂപ്പ് കോർപ് ആണ് ദാസു അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനം ഏറ്റെടുത്തിരുന്നത്. ആക്രമണത്തിനുശേഷം ദാസു പദ്ധതിയുടെ പ്രവർത്തനം കമ്പനി നിർത്തിവെയ്‌ക്കുകയായിരുന്നു. അത് ഇനിയും പുനരാംഭിച്ചിട്ടില്ലെന്നാണ് വിവരം.
ചൈനയുടെ ആവശ്യം പാകിസ്താനെ പ്രതിസന്ധിയിലാക്കുമെന്ന റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. വികസന പദ്ധതികൾ നടപ്പിലാക്കാൻ പോലും ചൈനയെ ആശ്രയിക്കുന്ന ഇമ്രാൻ ഖാന് ഇത് തലവേദനയായിരിക്കുകയാണ്. സൗഹൃദരാജ്യങ്ങളായ ചൈനയും പാകിസ്താനും ഇന്ത്യയ്‌ക്കെതിരെ ഒരുമിച്ച് നിൽക്കാനും ആക്രമണം നടത്താനും മാത്രമാണ് ഉത്സാഹം കാണിക്കുന്നത്. അവസരം ലഭിച്ചയുടനെ പാകിസ്താനെതിരെ ചൈന, അതിന്റെ തനി സ്വഭാവം കാണിച്ചു എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ വിലയിരുത്തുന്നത്.















