ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലെ വിവാദ പ്രസ്താവനയിൽ പാർട്ടി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് നെഹ്‌റുവാണെന്നും സർദാർ വല്ലഭായ് പട്ടേലിന് കശ്മീരിനെ വേണ്ടെന്ന നിലപാടായിരുന്നെന്നുമാണ് കശ്മീരിൽ നിന്നുളള താരിഖ് ഹമീദ് ഖര അഭിപ്രായപ്പെട്ടത്. മാദ്ധ്യമങ്ങളിൽ ഇത് വാർത്തയായതോടെയാണ് ബിജെപി ഇതിനെതിരെ രംഗത്തെത്തിയത്.
പാർട്ടി നേതൃത്വം താരിഖ് ഹമീദ് ഖരയ്‌ക്കെതിരെ നടപടിക്ക് തയ്യാറാകുമോയെന്ന് ബിജെപി വക്താവ് സാംപിത് പത്ര ചോദിച്ചു. നെഹ്‌റുവിനെ പുകഴ്‌ത്താൻ ശ്രമിച്ച് ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേലിനെ വില്ലനാക്കാനാണ് കോൺഗ്രസ് നേതാവ് ശ്രമിച്ചതെന്ന് സാംപിത് പത്ര കുറ്റപ്പെടുത്തി. സുഭാഷ് ചന്ദ്രബോസിനെയും സർദാർ വല്ലഭായ് പട്ടേലിനെയും വീർ സവർക്കറെയും ഉൾപ്പെടെ അപകീർത്തിപ്പെടുത്തുന്നത് കോൺഗ്രസ് പതിവാക്കിയിരിക്കുകയാണെന്നും സാംപിത് പത്ര കുറ്റപ്പെടുത്തി.
കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാണ് താരിഖ് ഹമീദ് ഖര. താരിഖിനെതിരെ സോണിയാഗാന്ധിയും രാഹുലും എന്ത് നടപടിയെടുത്തുവെന്നും സാംപിത് പത്ര ചോദിച്ചു. മുഹമ്മദലി ജിന്നയുമായി ചേർന്ന് കശ്മീരിനെ ഒഴിവാക്കാൻ പട്ടേൽ രഹസ്യധാരണ ഉണ്ടാക്കിയെന്ന തെറ്റിദ്ധാരണയാണ് ഈ പരാമർശം വരുത്തുക.
ഒരു പാർട്ടിയെ കുടുംബമാക്കി ചുരുക്കി കുടുംബവാഴ്ച നടപ്പാക്കുകയാണ് കോൺഗ്രസ്. ഒരു കുടുംബമാണ് എല്ലാം ചെയ്തതെന്നും മറ്റുളളവർ ഒന്നും ചെയ്തിട്ടില്ലെന്നും വരുത്തിതീർക്കാനുളള വ്യഗ്രതയാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് പ്രവർത്തകസമിതി ചെയ്യുന്നത് വലിയ പാതകമാണെന്നും സാംപിത് പത്ര കുറ്റപ്പെടുത്തി.
Comments