തിരുവനന്തപുരം : വീട്ടുകാർ കുഞ്ഞിനെ ബലമായി വേർപിരിച്ചുവെന്ന എസ്എഫ്ഐ വനിതാ നേതാവ് അനുപമയുടെ പരാതിയിൽ കേസ് എടുത്ത് പോലീസ്. അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരിയുടെ ഭർത്താവ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
ആറ് മാസം മുൻപാണ് അനുപമ തന്റെ ആൺ കുഞ്ഞിനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയത്. സഹോദരിയുടെ വിവാഹ ശേഷം തിരിച്ചു നൽകാമെന്ന് പറഞ്ഞ് അച്ഛൻ ബലമായി എടുത്തുകൊണ്ടു പോയ കുട്ടിയെ തിരികെ വേണമെന്നാണ് അനുപമയുടെ ആവശ്യം. എന്നാൽ അനുപമയുടെ സമ്മതപ്രകാരം കുട്ടിയെ നിയമപരമായി കൈമാറിയെന്നാണ് ജയചന്ദ്രൻ പറയുന്നത്.
കഴിഞ്ഞ ഒക്ടോബർ 19 നാണ് അനുപമ കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്ന വഴിയിലാണ് കുട്ടിയെ ജയന്ദ്രൻ ബലമായി പിടിച്ചുവാങ്ങിയത്. പിന്നീട് കുഞ്ഞിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഏപ്രിൽ 19ന് പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഗൗരവമുള്ള പരാതി ലഭിച്ചിട്ടും പോലീസ് കേസ് എടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. ഡിജിപിയുൾപ്പെടെയുള്ളവരെ ജയചന്ദ്രൻ നിയമപരമായാണ് കുഞ്ഞിനെ കൈമാറിയതെന്ന് വിശ്വസിപ്പിച്ചിരുന്നു. ഇതോടെ അന്വേഷണം വേണ്ടെന്ന് പോലീസും തീരുമാനിക്കുകയായിരുന്നു.
തന്റെ കുഞ്ഞിനെ അച്ഛൻ തട്ടിക്കൊണ്ടുപോയെന്ന് അടുത്തിടെ നടന്നൊരു ചാനൽ ചർച്ചയിൽ അനുപമ പരസ്യമായി ആരോപിച്ചിരുന്നു. ഇതോടെ സംഭവം വലിയ ചർച്ചയായി. ഇതേ തുടർന്നാണ് പോലീസ് കേസ് എടുത്തത്. ചാനൽ ചർച്ചയ്ക്കിടെ അനുപമയുടെ പരാതി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സതീ ദേവി ശരിവെച്ചിരുന്നു. സംഭവത്തിൽ അടുത്ത ദിവസം കോടതിയെ സമീപിക്കാനാണ് അനുപമയുടെ തീരുമാനം.
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്താണ് കുഞ്ഞിന്റെ അച്ഛൻ. . അജിത്ത് വിവാഹിതൻ ആയതുകൊണ്ടും അന്യ മതസ്ഥനായതുകൊണ്ടും ബന്ധത്തെ അനുപമയുടെ വീട്ടുകാർ എതിർത്തിരുന്നു. ഇതിനിടെയാണ് അനുപമ ഗർഭിണിയായത്.
Comments