ലക്‌നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ വാഹന പരിശോധനക്കിടെ കാറിന്റെ രേഖകൾ ആവശ്യപ്പെട്ട ട്രാഫിക് പോലീസുകാരനെ ഡ്രൈവർ തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ ട്രാഫിക് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സച്ചിൻ റാവൽ എന്നയാളാണ് പോലീസ് പിടിയിലായത്.
കാർ മോഷ്ടിച്ചതാണെന്ന് സംശയം തോന്നിയതുകൊണ്ടാണ് പോലീസ് രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ രേഖകൾ കാണാൻ കാറിനുള്ളിൽ കയറണമെന്ന് പ്രതി പോലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് വാഹനത്തിൽ പ്രവേശിച്ച പോലീസിനെ പത്ത് കിലോമീറ്റർ ദൂരത്തേയ്‌ക്ക് പ്രതി കൊണ്ടുപോകുകയായിരുന്നു.
‘ടെസ്റ്റ് ഡ്രൈവ് എന്ന വ്യാജേന രണ്ട് വർഷം മുമ്പ് ഹരിയാനയിലെ ഗുഡ്ഗാവിലെ ഒരു ഷോറൂമിൽ നിന്ന് പ്രതി സച്ചിൻ റാവൽ മാരുതി സ്വിഫ്റ്റ് ഡിസയർ മോഷ്ടിച്ചു. തുടർന്ന് ഗ്രേറ്റർ നോയിഡയിലെ ഘോഡി ബച്ചെഡ ഗ്രാമത്തിൽ താമസിക്കുന്ന റാവൽ കാറിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചു’ പോലീസ് പറഞ്ഞു.
സൂരജ്പൂരിൽ ട്രാഫിക്ക് പോലീസ് നടത്തിയ വാഹന പരിശോധനയിൽ റാവലിനെ മോഷ്ടിച്ച കാറുമായി പോലീസ് കണ്ടെത്തി. ഇയാൾ മോഷ്ടിച്ച വാഹനത്തിലാണ് യാത്ര ചെയ്യുന്നതെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധനയ്‌ക്കായി വാഹനം തടഞ്ഞത്.
കാറുമായി ബന്ധപ്പെട്ട രേഖകൾ കാണിക്കാൻ ട്രാഫിക് കോൺസ്റ്റബിൾ വീരേന്ദ്ര സിംഗ് റാവലിനോട് ആവശ്യപ്പെട്ടു. തുടർന്ന് പോലീസിനോട് കാറിനുള്ളിൽ കയറാൻ റാവൽ അഭ്യർത്ഥിച്ചു. എന്നാൽ, കോൺസ്റ്റബിൾ കാറിനുള്ളിൽ കയറിയ ശേഷം റാവൽ കാർ ലോക്ക് ചെയ്ത് പത്ത് കിലോമീറ്റർ ദൂരം സഞ്ചരിച്ചു. പിന്നീട് അജയബ്പൂർ പോലീസ് സ്‌റ്റേഷനടുത്ത് കോൺടബിളിനെ പ്രതി ഇറക്കി വിട്ടു. ശേഷം കാറുമായി ഇയാൾ പാഞ്ഞു. പ്രതിയെ പിന്തുടർന്ന പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.















