ന്യൂഡൽഹി: ഉത്തർപ്രദേശിലെ കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം മഹാപരിനിർവാണ സ്തൂപത്തിലെയും ക്ഷേത്രത്തിലെയും പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും.
ലക്നൗവിനും വാരാണസിയ്ക്കും ശേഷം ഉത്തർപ്രദേശിന് ലഭിക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് കുശിനഗർ വിമാനത്താവളം. ഇത് ബുദ്ധമത തീർത്ഥാടകർക്ക് ബുദ്ധന്റെ മഹാപരിനിർവ്വാണ സ്ഥലം സന്ദർശിക്കാൻ ഏറെ ഉപകാരപ്പെടും. ഉദ്ഘാടന ദിവസമായ ഇന്ന് കൊളംബോയിൽ നിന്ന് ബുദ്ധമത സന്യാസിമാരും തീർത്ഥാടകരും ഉൾപ്പെടെ 125 അംഗപ്രതിനിധികളുമായി ആദ്യ അന്താരാഷ്ട്ര വിമാനം കുശിനഗർ വിമാനത്താവളത്തിലെത്തും.
260 കോടി ചെലവിലാണ് വിമാമനത്താവള നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 1995ൽ മായാവതി സർക്കാരിന്റെ കാലത്ത് നിർമ്മാണം ആരംഭിച്ച് പാതിവഴിയിലായ വിമാനത്താവളം യോഗി സർക്കാരാണ് യാഥാർത്ഥ്യമാക്കുന്നത്. ജാപ്പനീസ് സാങ്കേതിക വിദ്യയാണ് വിമാനത്താവള നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 26 വർഷമായുള്ള കാത്തിരിപ്പാണ് ഇതിലൂടെ അവസാനിക്കുന്നത്.
Comments