ന്യൂഡൽഹി : ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസ അറിയിച്ച നടി സാറാ അലി ഖാനെ പരിഹസിച്ച് സോഷ്യൽ മീഡിയ . കൃത്യ സമയത്താണ് നടി ആഭ്യന്തര മന്ത്രിയ്ക്ക് ആശംസയുമായി എത്തിയതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത് . കഴിഞ്ഞ ദിവസമായിരുന്നു അമിത് ഷായുടെ ജന്മദിനം . ‘ ബഹുമാനപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജിയ്ക്ക് ഊഷ്മളമായ ജന്മദിനാശംസകൾ ‘ എന്ന് നടി ട്വിറ്ററിൽ കുറിയ്ക്കുകയും ചെയ്തു. .
എന്നാൽ ബോളിവുഡ് താരനിര ലഹരിക്കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ സാറാ അലി ഖാൻ ആഭ്യന്തര മന്ത്രിയ്ക്ക് ആശംസ അറിയിച്ചതിനു പിന്നിലെ കാരണം വ്യക്തമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത് .
ആഡംബരകപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ജയിലിലാകുകയും നടി അനന്യ അടക്കമുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് സാറാ അലിഖാന്റെ ട്വീറ്റെന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്. എൻ സിബി റെയ്ഡ് ഭയന്നാണ് സാറാ അലിഖാൻ അമിത് ഷായ്ക്ക് ആശംസ അറിയിച്ചതെന്നും അദ്ദേഹത്തിന്റെ പ്രീതി സമ്പാദിക്കാനാണ് നടിയുടെ ശ്രമമെന്നുമാണ് ട്രോളുകൾ .
നിങ്ങൾ ഭയക്കേണ്ട സാറാ നിങ്ങളുടെ വീട്ടിൽ എൻ സി ബി വരില്ലെന്നാണ് ചിലരുടെ കമന്റ് . മറ്റ് ചിലരാകട്ടെ സാറാ അലിഖാൻ , നിങ്ങൾ സുരക്ഷിതയാണെന്നും പറയുന്നു . തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തായാലും നിങ്ങൾ ഭയക്കേണ്ടതില്ലെന്നും ചിലർ നടിയെ ആശ്വസിപ്പിക്കുന്നുണ്ട്.
Comments