കൊച്ചി: സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതികളായ സ്വപ്ന സുരേഷും സരിത്തും അടുപ്പത്തിലായിരുന്നുവെന്ന് കസ്റ്റംസ് കുറ്റപത്രം. ഇരുവരും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നു. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിന് സൗകര്യം ഒരുക്കിയത് സ്വപ്നയാണ്. ഗൂഢാലോചനയിലും സ്വർണ്ണക്കടത്തിലും സ്വപ്നയ്ക്ക് നിർണ്ണായക പങ്കുണ്ട്. കൂടുതൽ പണം സമ്പാദിച്ച ശേഷം നിലവിലുള്ള പങ്കാളികളെ ഉപേക്ഷിച്ച് വിവാഹം കഴിക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായി അസ്വഭാവിക ബന്ധമാണ് സ്വപ്ന പുലർത്തിയതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്വപ്നയുമായി ശിവശങ്കർ സാമ്പത്തിക ഇടപാടുകൾ നടത്തി. രാജ്യത്തിന് അകത്തും പുറത്തുമായുള്ള ഔദ്യോഗിക യാത്രകളിൽ അദ്ദേഹം സ്വപ്നയേയും കൂടെക്കൂട്ടി. സ്വർണ്ണം പിടികൂടിയതുമുതൽ എൻഐഎ അറസ്റ്റ് ചെയ്തത് വരെ സ്വപ്നയുമായി ശിവശങ്കർ വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടതായി സന്ദീപ് നായരും മൊഴി നൽകി.
സ്വർണ്ണക്കടത്ത് ആസൂത്രണം ചെയ്യാനും കോഡ് വാക്കുകൾ ഉപയോഗിച്ച് വിവരങ്ങൾ കൈമാറാനും സിപിഎം കമ്മിറ്റി എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയത് സന്ദീപ് നായരാണ്. ഒരിക്കലും സ്വന്തം മൊബൈൽ ഫോൺ സ്വർണ്ണക്കടത്തിന് വേണ്ടി ഉപയോഗിക്കാതിരിക്കാൻ സംഘം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കുറ്റപത്രം ഇന്നലെ കസ്റ്റംസ് കോടതിയിൽ കൈമാറി.
Comments