തിരുവനന്തപുരം : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചു. അണക്കെട്ടിലെ ജലനിരപ്പ് കൂടിവരുന്ന പശ്ചാത്തലത്തിലാണ് തമിഴ്നാടിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടത്.
അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് അടുക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ നീരൊഴുക്കും മഴ സാധ്യതയും കണക്കിലെടുക്കുമ്പോൾ ജലനിരപ്പ് 142 അടിയിലേക്ക് എത്താനും സാധ്യതയേറെയാണ് എന്നാണ് വിലയിരുത്തൽ. അതിനാൽ മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകണമെന്ന് കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് കേരളത്തെ അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും അത് തുറന്നുവിടണമെന്നും കേരളം ആവശ്യയപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനും കത്തയച്ചിട്ടുണ്ട്. ഡാം തുറക്കേണ്ടി വന്നാൽ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ കണക്കും ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാണെന്നാണ് ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചത്. എന്നാൽ ഡാം തകർന്നാൽ എന്തായിരിക്കും എന്ന ആശങ്കയിലാണ് ജനങ്ങൾ.
Comments