മലപ്പുറം : കൊണ്ടോട്ടിയിൽ 22 കാരിയെ പീഡിപ്പിക്കാൻ ശ്രമം. ആക്രമണം ചെറുത്ത പെൺകുട്ടിയെ അക്രമി കല്ലുകൊണ്ട് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വാഴത്തോട്ടത്തിലൂടെ ഒറ്റയ്ക്ക് നടന്നുവരുന്നതിനിടെയായിരുന്നു പെൺകുട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. തോട്ടത്തിൽ മറഞ്ഞിരിക്കുകയായിരുന്ന യുവാവ് പെൺകുട്ടിയെ വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുകയായിരുന്നു. എന്നാൽ പെൺകുട്ടി ഇത് ശക്തമായി ചെറുത്തു. ഇതിനിടെയാണ് പെൺകുട്ടിയെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചത്. പെൺകുട്ടിയുടെ വായിൽ തുണിയും മണ്ണും തിരുകിയായിരുന്നു ആക്രമണം.
സംഭവത്തിൽ കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്തു നിന്നും പ്രതിയുടെ ചെരുപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. മീശയില്ലാത്ത ആളാണ് ആക്രമിച്ചത് എന്നാണ് പെൺകുട്ടി പറയുന്നത്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Comments