ന്യൂഡൽഹി : 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മുഖ്യമന്ത്രി തീർത്ഥ് യാത്രാ യോജനയിലൂടെ വയോധികർക്ക് സൗജന്യമായി തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര നടത്താൻ സൗകര്യം ഒരുക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിൽ ഭക്തർക്ക് ദർശനം നടത്താൻ ഡൽഹി സർക്കാർ ആരംഭിച്ച പദ്ധതിയാണിത്. കൊറോണ കാരണം നിർത്തിവെച്ച പദ്ധതി ഉടൻ പുനരാരംഭിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.
ഇത് കൂടാതെ തീർത്ഥാടന കേന്ദ്രങ്ങളുടെ പട്ടികയിൽ അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രവും ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി കെജ്രിവാൾ അറിയിച്ചു. വൈഷ്ണോ ദേവി ക്ഷേത്രം, രാമേശ്വരം, ദ്വാരകാ പുരി, ഹരിദ്വാർ, ഋഷികേഷ്, മഥുര, വൃന്ദാവൻ എന്നീ തീർത്ഥാടന കേന്ദ്രങ്ങളിലേക്കാണ് യാത്ര നടത്തുന്നത്. ഈ പരിപാടിയിലൂടെ 35,000 ത്തോളം വയോധികർ തീർത്ഥാടനം നടത്തിയതായും കെജ്രിവാൾ കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഡൽഹി മുഖ്യമന്ത്രി ഇത്തരത്തിലുള്ള വേറിട്ട പ്രഖ്യാപനങ്ങൾ നടത്തുന്നത്. യുപി, ഗുജറാത്ത് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലായിടത്ത് നിന്നും മത്സരിക്കാനാണ് ആം ആദ്മി പാർട്ടി തയ്യാറെടുക്കുന്നത്. ഈ സാഹചര്യത്തിൽ ജനശ്രദ്ധപിടിച്ച പറ്റാനാണ് പുതിയ വാഗ്ദാനങ്ങളുമായി കെജ്രിവാൾ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെത്തിയ കെജ്രിവാൾ രാമ ജന്മഭൂമിയിലും ദർശനം നടത്തിയിരുന്നു. രാം ലല്ലയ്ക്ക് മുന്നിൽ തൊഴുകൈകളോടെ നിൽക്കാൻ സാധിച്ചത് മഹാഭാഗ്യമാണെന്നും ഇത് എല്ലാവർക്കും ലഭിക്കാൻ വേണ്ടി പ്രവർത്തിക്കുമെന്നുമാണ് കെജ്രിവാൾ പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് രാഷ്ട്രീയ പ്രവർത്തകർക്ക് ഭക്തി ഉണ്ടാകുന്നത് എന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.
Comments