ന്യൂഡൽഹി: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി. കേരളത്തിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും വിവിധ വകുപ്പുകൾ ഏകോപിപ്പിക്കുന്നതിന് പോർട്ടൽ വികസിപ്പിക്കാൻ കേന്ദ്ര സഹായം ആവശ്യപ്പെടാനുമാണ് മുഹമ്മദ് റിയാസ് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വെൽനസ് ടൂറിസം, പിഡബ്ല്യൂഡി ഫോർ യു ആപ്പ് അടക്കമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
‘സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പൊതുമരാമത്ത് വകുപ്പിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മന്ത്രി എല്ലാ പിന്തുണയും അറിയിച്ചു. ടൂറിസം മേഖലയിലെ അൺ എക്സ്പ്ലോർഡ് ഡെസ്റ്റിനേഷനുകളെ പരിചയപ്പെടുത്താനും വികസിപ്പിക്കാനും നൂതനസാങ്കേതിക സങ്കേതങ്ങളെ ഉപയോഗിക്കുന്നതിനും അനുകൂലമായ അഭിപ്രായമാണ് മന്ത്രി മുന്നോട്ടു വെച്ചത്’ മുഹമ്മദ് റിയാസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി റിയാസ് കൂടിക്കാഴ്ച നടത്തിയിരുന്നു. മഴക്കെടുതിയിൽ തകർന്ന പാലങ്ങളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട രേഖകളും, വിവിധ പദ്ധതികളുടെ ആശയവും കേന്ദ്ര മന്ത്രിയ്ക്ക് മുഹമ്മദ് റിയാസ് കൈമാറിയിരുന്നു.
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും കാഴ്ചപ്പാടുകളും മുഹമ്മദ് റിയാസ് നിതിൻ ഗഡ്കരിയുമായി പങ്കുവെച്ചിരുന്നു. കേരളത്തിലെ റോഡുകളുടെ വികസനത്തിന് പരിഹാരം കാണുമെന്ന് നിതിൻ ഗഡ്കരി ഉറപ്പ് നൽകിയിരുന്നു. ഇതിനായി കിലോമീറ്ററിന് ഒരു നിശ്ചിത തുക കണക്കാക്കി സംസ്ഥാനത്തെ റോഡുകളുടെ അറ്റകൂറ്റ പണിക്ക് നൽകണമെന്ന് മുഹമ്മദ് റിയാസ് നിതിൻ ഗഡ്കരിയോട് അഭ്യർത്ഥിച്ചിരുന്നു.
Comments