കൊച്ചി : തന്നെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസിൽ പാരാതി നൽകുമെന്ന് സിനിമാ നടൻ ജോജു ജോർജ്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് വിധേയനായ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ പ്രവർത്തകർ അസഭ്യം പറഞ്ഞെന്നും ജോജു പറഞ്ഞു. അതേസമയം വൈദ്യപരിശോധനയിൽ അദ്ദേഹം മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു.
സംസ്ഥാനത്ത് റോഡ് ഉപരോധിച്ചുകൊണ്ടുള്ള സമരം പാടില്ലെന്നാണ് ഹൈക്കോടതി വിധി. ഇത് ലംഘിച്ചുകൊണ്ടാണ് ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർ സമരം ചെയ്തത്. തന്റെ വാഹനത്തിന് സമീപം കീമോയ്‌ക്ക് കൊണ്ടുപോകുന്ന ഒരു രോഗിയാണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ നിരവധി പേർ തന്റെ വാഹനത്തിന് മുന്നിലും പിന്നിലും ഉണ്ടായിരുന്നു.. ഇതോടെയാണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. തന്റെ പ്രതിഷേധം മൊത്തം കോൺഗ്രസ് പ്രവർത്തകരോടല്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് പ്രതിഷേധം പാടില്ലെന്നാണ് താൻ പറഞ്ഞത്. അതിന് താൻ മദ്യപിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ച് പ്രവർത്തകർ പരാതി നൽകി. ഇതേ തുടർന്നാണ് വൈദ്യപരിശോധനയ്‌ക്ക് വിധേയനായത്. തന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു. മാതാപിതാക്കളെ കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. അത് തന്നെ ഏറെ വിഷമിപ്പിച്ചെന്നും ജോജു വ്യക്തമാക്കി.
താൻ ഒരുകുറ്റമേ ചെയ്തുള്ളു. സംഭവത്തിൽ പ്രതികരിച്ചു. സിനിമാ നടൻ ആയാൽ പ്രതികരിക്കാൻ പാടില്ല എന്നുണ്ടോ. ഷോ ചെയ്യാൻ ആണ് താൻ സിനിമാ നടൻ ആയത്. ജനങ്ങളെ ഉപദ്രവിക്കുന്നവരോടുള്ള സ്വാഭാവിക പ്രതിഷേധമാണ് തന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ജോജു ജോർജ് കൂട്ടിച്ചേർത്തു.
Comments