ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഈ വർഷമാദ്യം ഇന്ത്യ സന്ദർശിക്കാനിരുന്ന ബോറിസ് ജോൺസൺ ബ്രിട്ടനിലെ കൊറോണ വ്യാപനത്തെ തുടർന്ന് നീക്കം ഉപേക്ഷിച്ചിരുന്നു. 2021 ജനുവരി 26ന് റിപബ്ലിക് ദിന ചടങ്ങിൽ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നത് ബോറിസ് ജോൺസണെ ആയിരുന്നു. കൊറോണ സ്ഥിതിഗതികൾ ശാന്തമായാൽ ഉടനെ തന്നെ ഇന്ത്യ സന്ദർശിക്കുമെന്നും ബോറിസ് ജോൺസൺ അന്ന് പറഞ്ഞിരുന്നു. ഗ്ലാസ്ഗോയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ബോറിസ് ജോൺസണെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
കാലാവസ്ഥാ വ്യതിയാനം, അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യങ്ങൾ, ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങൾ, ഇൻഡോ-പസഫിക്, കൊറോണയിൽ നിന്നുള്ള അതിജീവനം തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തതായി വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശ്യംഗ്ല വ്യക്തമാക്കി. ഇന്ത്യയുമായി എല്ലാ മേഖലയിലും യോജിച്ച് പ്രവർത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയും അറിയിച്ചിട്ടുണ്ട്. വാണിജ്യം, വ്യവസായം, ആരോഗ്യം, സുരക്ഷ എന്നീ മേഖലകളിലെ സഹകരണത്തിന് റോഡ്മാപ്പ് 2030 നടപ്പാക്കുന്നതിനെ കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.
Comments