ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. നാളെ രാവിലെ 6.30 ഓടെ പ്രധാനമന്ത്രി സംസ്ഥാനത്തെത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
‘ശ്രീ ആദിശങ്കരാചാര്യരുടെ സമാധിയുടെ പുനർനിർമ്മാണം പൂർത്തിയായിരിക്കുന്നു. സമാധി പ്രധാനമന്ത്രി നാളെ നാടിന് സമർപ്പിക്കും. ഇതോടൊപ്പം തീർത്ഥാടകരുടെ താമസത്തിനായി ഒരുക്കിയിരിക്കുന്ന സരസ്വതി ഘട്ടിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. നാളെ രാവിലെ 6.30ഓടെ അദ്ദേഹം ഉത്തരാഖണ്ഡിൽ എത്തും.പ്രധാനമന്ത്രിയുടെ സ്വീകരണത്തിനായി നാട് തയ്യാറായിരിക്കുന്നു’ പുഷ്കർ സിംഗ് ധാമി ട്വിറ്ററിൽ കുറിച്ചു. ഉത്തരാഖണ്ഡിൽ 2013ൽ ഉണ്ടായ പ്രളയത്തിലാണ് ആദിശങ്കരാചാര്യരുടെ സമാധിക്ക് കേടുപാടുകൾ സംഭവിച്ചത്.
ഉത്തരാഖണ്ഡ് സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി കേദാർനാഥ് ക്ഷേത്ര ദർശനത്തിനെത്തും. രാജ്യത്തിന്റെ ഐശ്വര്യത്തിനായി ക്ഷേത്രത്തിൽ അദ്ദേഹം മഹാ രുദ്രാഭിഷേകം നടത്തും. കൂടാതെ 130 കോടി ചെലവഴിച്ച് നിർമ്മിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
Comments