തേനി: മുല്ലപ്പെരിയാർ വിഷയത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷമായ അണ്ണാ ഡിഎംകെ രംഗത്ത്. കേരളത്തിന്റെ ആവശ്യപ്രകാരം കൂടുതൽ വെള്ളം ഒഴുക്കി വിടുന്നതിനെതിരെയാണ് പ്രതിഷേധം. സുപ്രീം കോടതി വിധി അനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജനനിരപ്പ് 142 അടിയാണ്. എന്നാൽ 142 എത്തും മുൻപേ വെള്ളം ഒഴുക്കി വിട്ടതെന്തിനാണെന്ന് ഒ പനീർ സെൽവം ചോദിച്ചു.
കേരളത്തിന് മുന്നിൽ തമിഴ്നാട് അധികാരം അടിയറവ് വെയ്ക്കുകയാണ്. കഴിഞ്ഞ ദിവസം 142 അടി എത്തുന്നതിന് മുൻപ് വെള്ളം തുറന്നുവിട്ടത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. തമിഴ്നാട്ടിലെ കർഷകരെ സ്റ്റാലിൻ മറക്കുകയാണ്. കേരളവുമായി ഡിഎംകെ സർക്കാർ ഒത്തുകളിക്കുകയാണ് ചെയ്യുന്നതെന്നും കേരളം പറഞ്ഞാലുടൻ തന്നെ വെള്ളം ഒഴുക്കി വിടുമോയെന്നും പനീർ സെൽവം ചോദിച്ചു.
സംഭവത്തിൽ പരസ്യ പ്രതിഷേധത്തിനൊരുങ്ങുകയാണ് അണ്ണാ ഡിഎംകെ. തേനി, മധുര, ശിവഗംഗ, ദിണ്ടിഗൽ, രാമനാഥപുരം, ജില്ലകളിലാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന് ആവശ്യപ്പെട്ടായിരിക്കും പ്രതിഷേധം. അതേസമയം, മുല്ലപ്പെരിയാറിൽ ബേബി ഡാം ശക്തിപ്പെടുത്തി അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ അറിയിച്ചിട്ടുണ്ട്.
Comments