അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ പാകിസ്താൻ നാവിക സേന വെടിയുതിർത്ത സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. വിഷയം നയതന്ത്രപരമായി ചർച്ച ചെയ്യും. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെടിവെപ്പിൽ പരിക്കേറ്റ ഒരാൾ ഗുജറാത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുജറാത്ത് പോലീസ് വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാകിസ്താന്റെ ഭാഗത്ത് നിന്നും ഇന്ത്യൻ മത്സ്യത്തൊഴിലാളിക്ക് നേരെ വെടിവെപ്പ് ഉണ്ടായത്. ശനിയാഴ്ച്ച വൈകിട്ടാണ് ആക്രമണം ഉണ്ടായത്. ഗുജറാത്തിലെ ദ്വാരകയ്ക്കടുത്ത് ഓഖയിൽ നിന്നും പുറപ്പെട്ട ബോട്ടിന് നേരെയാണ് പാകിസ്താൻ വെടിയുതിർത്തത്. ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ജൽപരി എന്ന ബോട്ടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ശ്രീധർ രമേശ് ചമ്ര എന്ന 38കാരനാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ ഇയാളുടെ മൃതദേഹം ഗുജറാത്ത് തീരത്ത് എത്തിച്ചിരുന്നു. ഇയാളുടെ ശരീരത്ത് നിന്നും മൂന്ന് ബുള്ളറ്റുകൾ കണ്ടെത്തിയിരുന്നു. നിലവിൽ കേസ് അന്വേഷണം പോലീസിന്റെ ഭാഗത്താണെന്നും കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിടാനാകില്ലെന്നും ഇന്ത്യൻ കോസ്റ്റ് ഗാർഡ് പ്രസ്താവനയിലൂടെ അറിയിച്ചു.
Comments