കോട്ടയം: ജോജു ജോർജിനോടുള്ള ദേഷ്യത്തിൽ ഷാജി കൈലാസിന്റെ സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് നടപടി അപലനീയമെന്ന് ഡിവൈഎഫ്ഐ. സിനിമാ ചിത്രീകരണത്തിന് സംരക്ഷണം നൽകുമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. ഷാജി കൈലാസിന്റെ പുതിയ ചിത്രം കടുവയുടെ ഷൂട്ടിംഗ് നടന്ന സ്ഥലത്തേക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. കാഞ്ഞിരപ്പള്ളിയാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
ചിത്രീകരണത്തിന് അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാനാകില്ല. കെ സുധാകരന്റെ വരവോടുകൂടി അസഹിഷ്ണുതയുടെ കേന്ദ്രമായി കോൺഗ്രസ് മാറി. ഭയരഹിതമായ ചിത്രീകരണം പൂർത്തിയാക്കാൻ ചലച്ചിത്ര പ്രവർത്തകർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
അതേസയമം ഡിവൈഎഫ്ഐയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ‘സംരക്ഷണം നൽകാനല്ലേ പോലീസ്. ആഭ്യന്തരം ദുരന്തം ആണെന്ന് ഡിവൈഎഫ്ഐയും സമ്മതിച്ചോ’ എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ‘ചിരിപ്പിക്കല്ലേ ഡിവൈഎഫ്ഐക്കാരേ’, ‘സ്വന്തം ആഭ്യന്തര വകുപ്പിൽ വിശ്വാസം ഇല്ലേ’, ‘നിങ്ങളെന്ത് കോമഡിയാണ് ഭായ്’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.
പൊൻകുന്നത്തുനിന്നുള്ള യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ പ്രതിഷേധ മാർച്ച്. കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുള്ള റോഡിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഇതറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ വഴി തടഞ്ഞെന്ന് ആരോപിച്ച് ചിത്രീകരണസ്ഥലത്തേക്ക് കൂട്ടമായി എത്തുകയായിരുന്നു. ജോജു ജോർജിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ ചിത്രീകരണ സ്ഥലത്ത് പ്രതിഷേധിച്ചത്.
Comments