തിരുവനന്തപുരം : ജയിൽവാസത്തെ തുടർന്ന് നഷ്ടമായ ആരോഗ്യം വീണ്ടെടുക്കാൻ ആശുപത്രിയിൽ ചികിത്സ തേടാൻ ഒരുങ്ങി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയിൽ സ്വപ്ന വിദഗ്ധ ചികിത്സ തേടുമെന്നാണ് വിവരം. ജയിൽവാസം മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നാണ് സ്വപ്ന പറയുന്നത്.
ജയിൽ മോചിതയായ ശേഷം ബാലരാമപുരത്തെ വീട്ടിലാണ് സ്വപ്ന ഇപ്പോൾ ഉള്ളത്. ചില അടുത്ത ബന്ധുക്കൾ സ്വപ്നയെ കാണാൻ ഇവിടേക്ക് എത്തുന്നുണ്ട്. ഇവരിൽ നിന്നാണ് സ്വപ്ന വിദഗ്ധ ചികിത്സയ്ക്ക് ഒരുങ്ങുകയാണെന്ന വിവരം ലഭിച്ചത്. എന്നാൽ കൂടുതൽ പ്രതികരണങ്ങൾക്കൊന്നും ഇവരും തയ്യാറാകുന്നില്ല.
ജയിൽമോചിതയായ ശേഷം സ്വപ്ന ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. പ്രതികരണം തേടിയ മാദ്ധ്യമങ്ങളോട് പിന്നീട് പറയാമെന്നായിരുന്നു സ്വപ്നയുടെ മറുപടി. സ്വപ്ന മാദ്ധ്യമങ്ങളെ കാണുമെന്ന് അമ്മ പ്രഭാവതിയും പറഞ്ഞിരുന്നു.
ജയിൽ വാസം സ്വപ്നയുടെ ആരോഗ്യം നശിപ്പിച്ചതായി പ്രഭാവതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജയിൽ ഭക്ഷണം സ്വപ്നയ്ക്ക് ഇഷ്ടമായിരുന്നില്ല. അതിനാൽ ചെറിയ അളവിൽ മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇത് ക്ഷീണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായി. ജാമ്യം ലഭിക്കാൻ വൈകിയത് കടുത്ത മാനസിക സമ്മർദ്ദത്തിലേക്കാണ് സ്വപ്നയെ തള്ളിവിട്ടത്. സ്വപ്നയ്ക്ക് ഉറക്കമില്ലായ്മയുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടെന്നും അമ്മ പറഞ്ഞിരുന്നു.
Comments