അതുല്യനായ പാർലമെന്റേറിയൻ, കർമ്മ കുശലനായ സംഘാടകൻ , ഭാരതത്തിന്റെ രാഷ്‌ട്രീയ ഭാവിയിൽ നിർണായക പങ്കു വഹിച്ച ജന നേതാവ്, ലാൽ കൃഷ്ണ അദ്വാനിയുടെ വിശേഷണങ്ങൾ പറഞ്ഞാൽ തീരില്ല . ഭാരതീയ ജനതാ പാർട്ടി ഇന്ന് അധികാരത്തിലിരിക്കുന്നതിനു പിന്നിൽ എൽ കെ അദ്വാനിയുടെ അദ്ധ്വാനത്തിനു നിർണായക പങ്കുണ്ടെന്ന കാര്യം ആർക്കും വിസ്മരിക്കാനാവില്ല . ഒരുകാലത്തെ അദ്വാനി വാജ്പേയി യുഗമാണ് ജനാധിപത്യ ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രം തന്നെ മാറ്റിമറിച്ചത് .
1927 നവംബർ 8 ന് അവിഭക്ത ഇന്ത്യയിലെ കറാച്ചിയിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദം നേടി. 1942 മുതൽ രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകനും അധികം വൈകാതെ തന്നെ മുഴുവൻ സമയ പ്രവർത്തകനായി വിവിധ സ്ഥലങ്ങളിൽ സംഘടനാ പ്രവർത്തനം നടത്തി . 1947 ൽ വിഭജനത്തിനു ശേഷം ഭാരതത്തിലെത്തി രാജസ്ഥാനിൽ അഭയാർത്ഥികൾക്കു വേണ്ടി പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടു.
രാജനൈതിക രംഗത്തെ പ്രവർത്തനം ആരംഭിക്കുന്നത് ഭാരതീയ ജനതാപാർട്ടിയുടെ ആദ്യ രൂപമായ ജനസംഘത്തിലൂടെയാണ്. 1957 ൽ അടൽ ബിഹാരി വാജ്പേയിക്കും മറ്റ് ജന സംഘ പ്രതിനിധികൾക്കും സഹായിയായി ഡൽഹിയിലേക്ക് പ്രവർത്തനം മാറ്റി. 1960 ൽ ആർ എസ് എസ് പ്രസിദ്ധീകരണമായ ഓർഗനൈസറിന്റെ അസിസ്റ്റന്റ് എഡിറ്ററായി അദ്വാനി. 1967 ൽ ഡൽഹിയിലെ ലോക് സഭാ സീറ്റുകളിൽ ഏഴിൽ ആറും നേടി ജനസംഘം കരുത്തു കാട്ടിയിരുന്നു. തുടർന്ന് ഡൽഹി മെട്രോപോളിറ്റൻ കൗൺസിലിലേക്ക് അദ്വാനി നിയമിക്കപ്പെട്ടു. 1970 ൽ അദ്ദേഹം ഡൽഹിയിൽ നിന്നും രാജ്യ സഭാംഗമായി. 1972 ൽ വാജ്പേയിയുടെ പിൻ ഗാമിയായി അദ്വാനി ജനസംഘത്തിന്റെ പ്രസിഡന്റായി .
1975 ൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട മിസ തടവുകാരനായി ജയിൽ വാസമനുഷ്ഠിച്ചു. ജനാധിപത്യം പുനസ്ഥാപിക്കാനുള്ള പ്രതിപക്ഷപാർട്ടികളുടെ ശ്രമത്തിന്റെ ഭാഗമായി ജയപ്രകാശ് നാരായണന്റെ ആശീർവാദത്തോടെ ജനതാപാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ നാല് ജനറൽ സെക്രട്ടറിമാരിൽ ഒരാളായി അദ്വാനി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്ന മൊറാർജി മന്ത്രിസഭയിൽ അദ്ദേഹം വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു. ആ കാലഘട്ടത്തിലാണ് പ്രസാർ ഭാരതിയുടെ രൂപീകരണത്തിനും ദൂരദർശനും ആകാശവാണിയ്‌ക്കും സ്വയം ഭരണാനുമതി നൽകുന്നതിനും തുടക്കമിട്ടത്.
ജനതാ സർക്കാരിന്റെ പതനത്തിനു ശേഷം ആർ.എസ്.എസ് അംഗത്വമുള്ളവർക്കെതിരെ നടപടി ആവശ്യമുയർന്നപ്പോൾ അദ്വാനിയും വാജ് പേയിയുമുൾപ്പെടെയുള്ള പഴയ ജനസംഘ പ്രവർത്തകർ പുറത്തുവന്ന് പുതിയ പാർട്ടി രൂപീകരിച്ചു. 1980 ഏപ്രിൽ ആറിന് ഭാരതീയ ജനതാ പാർട്ടി പ്രഖ്യാപിക്കപ്പെട്ടു. വാജ് പേയി ആദ്യ പ്രസിഡന്റായപ്പോൾ അദ്വാനി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ചരിത്ര പ്രസിദ്ധമായ രാമ ജന്മഭൂമി പ്രക്ഷോഭത്തിന്റെ മുൻ നിരയിലേക്ക് ഭാരതീയ ജനതാപാർട്ടി കടന്നുവന്നതും അക്കാലത്ത് തന്നെയായിരുന്നു
1989 ലെ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാഞ്ഞപ്പോൾ വിപി സിംഗ് മന്ത്രിസഭയെ ബിജെപി പുറത്തു നിന്നും പിന്തുണച്ചു. ഗുജറാത്തിലെ സോമ നാഥത്തിൽ നിന്നും രാമക്ഷേത്ര പുനർ നിർമാണത്തിനു വേണ്ടി അദ്വാനി ആരംഭിച്ച രഥയാത്ര ഭാരതത്തിന്റെ രാഷ്‌ട്രീയ ചരിത്രം തിരുത്തിക്കുറിച്ചു. ബീഹാറിൽ വച്ച് രഥയാത്ര തടഞ്ഞതോടെ ബി ജെ പി, വി പി സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. 1991 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്നിൽ ഏറ്റവും വലിയ കക്ഷിയായി ബി ജെ പി മാറി.
തുടർന്ന് വന്ന തെരഞ്ഞെടുപ്പുകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണം കയ്യാളിയെങ്കിലും അത് അധികം നീണ്ടു നിന്നില്ല . എന്നാൽ 1999 ൽ ബി ജെ പി അടങ്ങുന്ന മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. അദ്വാനി ആഭ്യന്തരമന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2004 ലും 2009 ലും അദ്വാനിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ബി ജെ പി ക്ക് വിജയിക്കാനായില്ല.
2014 ലെ തെരഞ്ഞെടുപ്പിൽ ഗാന്ധിനഗറിൽ നിന്ന് നാല് ലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ആറാം തവണയാണ് അദ്ദേഹം ഗാന്ധി നഗറിൽ നിന്നും വിജയിക്കുന്നത്. ലാൽ കൃഷ്ണ അദ്വാനിയുടെ ജീവിതം ഭാരതീയ ജനതാപാർട്ടിയുടെ ചരിത്രം കൂടിയാണ്. ജനതാ പാർട്ടിയുടെ തകർച്ചയ്‌ക്ക് ശേഷം ഏവരാലും എഴുതിത്തള്ളപ്പെട്ട പാർട്ടിയെ വാജ്പേയിക്കൊപ്പം നിന്ന് പടുത്തുയർത്തിയതിനു പിന്നിൽ അദ്വാനിയുടെ ആദർശവും പ്രയത്നവുമുണ്ട്. ഭാരതീയ ജനതാ പാർട്ടിയുടെ മാർഗ്ഗ ദർശിയായി രാഷ്‌ട്ര പുനർ നിർമ്മാണത്തിൽ സക്രിയമാണ് ഇന്നും ലാൽ കൃഷ്ണ അദ്വാനിയുടെ ജീവിതം.
Comments