കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മാനന്തവാടി പേര്യ സ്വദേശി മുഹമ്മദ് അജ്മലാണ് പിടിയിലായത്. ചാറ്റിങ്ങിലൂടെ പ്രതി പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ പകർത്തുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തു. കോട്ടയം പാലായിലാണ് സംഭവം.
പ്രതി ജോലി ചെയ്തിരുന്ന മൊബൈൽ കടയിൽ റീചാർജ് ചെയ്യാൻ എത്തിയതായിരുന്നു പെൺകുട്ടി. പിന്നീട് നമ്പർ കരസ്ഥമാക്കിയ ശേഷം പ്രതി വാട്ട്‌സാപ്പിലൂടെ പെൺകുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്യുകയായിരുന്നു. ഒടുവിൽ ഇവർ പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. അജ്മലിനെതിരെ പോക്‌സോ, ബലാത്സംഗം, ഐടി നിയമങ്ങൾ എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ലാപ്‌ടോപ്പും, ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ കുട്ടിയോട് കാര്യം ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. സംഭവത്തെ തുടർന്ന് പ്രതി പാലായിൽ നിന്നും കടന്നുകളഞ്ഞിരുന്നു. പിന്നീട് വയനാട്ടിൽ മെബൈൽ കട നടത്തി വരികയായിരുന്നു. അവിടെ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.















