കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫിന് കനത്ത രാഷ്‌ട്രീയ തിരിച്ചടി. ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസായതോടെ നഗരസഭയിലെ ഭരണസമവാക്യം മാറി.
26 അംഗ കൗൺസിലിൽ ഇന്ന് നടന്ന പ്രത്യേക യോഗത്തിൽ 17 കൗൺസിലർമാർ പങ്കെടുത്തു. ഹാജരായ 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് ദിയ ബിനു പദവി നഷ്ടമായത്.
12 പ്രതിപക്ഷ കൗൺസിലർമാർക്കൊപ്പം നാല് കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. സംസ്ഥാന കോൺഗ്രസ് നേതൃത്വം ഭരണം നഷ്ടപ്പെടുത്തുന്ന നിലപാട് സ്വീകരിക്കരുതെന്ന് വിപ്പ് നൽകിയിരുന്നെങ്കിലും അത് കോൺഗ്രസ് അംഗങ്ങൾ അവഗണിക്കുകയായിരുന്നു.
ദിയ ബിനു ഉൾപ്പെട്ട സ്വതന്ത്ര കൂട്ടായ്മയുടെ ഭരണത്തിനെതിരെ കോൺഗ്രസ് അംഗങ്ങൾ പരസ്യമായി രംഗത്തെത്തിയതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കോൺഗ്രസ് വിമത നിലപാടാണ് ഒടുവിൽ ഭരണമാറ്റത്തിന് വഴിയൊരുക്കിയത്.















