ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ ഇന്ത്യയും മറ്റ് രാജ്യങ്ങളും സസൂക്ഷ്മം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അഫ്ഗാൻ വിഷയത്തിൽ ഇന്ത്യ വിളിച്ച് ചേർത്ത നിർണ്ണായക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്താനിൽ സംഭവിക്കുന്ന ഓരോ കാര്യവും ആ രാജ്യത്തെ ജനങ്ങളെ മാത്രമല്ല, അയൽരാജ്യങ്ങളേയും കൂടി ബാധിക്കും. അഫ്ഗാൻ വിഷയത്തിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിനും കൂടിയാലോചനകൾക്കുമുള്ള സമയമാണിത്. അഫ്ഗാൻ ജനതയെ സഹായിക്കാനും, അവരുടെ സുരക്ഷ വർദ്ധിപ്പിക്കാനുമുള്ള നീക്കങ്ങൾ ചർച്ചയിലൂടെ ഉരുത്തിരിയുമെന്നതിൽ തനിക്ക് വിശ്വാസമുണ്ടെന്നും അജിത് ഡോവൽ വ്യക്തമാക്കി. അഫ്ഗാനിൽ താലിബാൻ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സുരക്ഷാ സാഹചര്യങ്ങളും മറ്റും വിലയിരുത്തുന്നതിനായി ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരിക്കുന്നത്. റഷ്യ, ഇറാൻ, തജിക്കിസ്താൻ, കിർഗിസ്താൻ, കസാക്കിസ്താൻ, ഉസ്ബെക്കിസ്താൻ, തുർക്ക്മെനിസ്താൻ എന്നീ ഏഴ് രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരാണ് കൂടിക്കാഴ്ച നടത്തുന്നത്.
അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്നും അവർക്ക് മാനുഷികസഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ഇപ്പോൾ വർദ്ധിച്ചിരിക്കുകയാണെന്നും കസാക്കിസ്താൻ നാഷണൽ സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ കരിം മാസിമോവ് പറഞ്ഞു. അവിടുത്തെ സാമൂഹിക അന്തരീക്ഷവും ഏറെ പരിതാപകരമായ അവസ്ഥയിലാണ്. ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഏറെ ആശങ്കയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഫ്ഗാനിൽ നിന്നുള്ള കുടിയേറ്റം രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ഷംഖാനി പറഞ്ഞു. ഈ പ്രതിസന്ധി രാജ്യം കൃത്യമായി പരിഹരിക്കും. അഫ്ഗാനിൽ നിന്നും ധാരാളം അഭയാർത്ഥികൾ ഇറാനിലേക്ക് എത്തുന്നുണ്ട്. അവരെ കൂടി ഉൾക്കൊള്ളിച്ച് കൊണ്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അത് എത്രയും വേഗം നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഫ്ഗാനിലെ ജനങ്ങളെ സഹായിക്കുന്ന എല്ലാ സംവിധാനങ്ങളിലും തങ്ങൾ ഭാഗമാകാമെന്ന് തജിക്കിസ്താൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നസ്രുള്ളോ റഹ്മത്ജോൻ മഹ്മൂദ്സോദ പറഞ്ഞു. അഫ്ഗാനുമായി തങ്ങൾ നീണ്ട അതിർത്തി പങ്കിടുന്നുണ്ട്. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. മയക്കുമരുന്ന് കടത്തും തീവ്രവാദവും അവിടെ കൂടാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ തജിക്കിസ്താൻ-അഫ്ഗാനിസ്താൻ അതിർത്തികളിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കിർഗിസ്താൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മരട് എം ഇമൻകുലോവും സമാനമായ ആശങ്ക പങ്കുവച്ചു. അഫ്ഗാൻ ജനതയ്ക്ക് എല്ലാ വിധ സഹായവും എത്തിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ അവിടെ തീവ്രവാദം വലിയ തോതിൽ ശക്തി പ്രാപിക്കുകയാണെന്നതിൽ ആശങ്കയുണ്ടെന്നും ഇമൻകുലോവ് പറഞ്ഞു.
അഫ്ഗാനിസ്താനിൽ സമാധാനം പുനസ്ഥാപിക്കാൻ ഇതുപോലുള്ള യോഗങ്ങൾ സഹായിക്കുമെന്ന് റഷ്യൻ സുരക്ഷ സമിതി സെക്രട്ടറി നിക്കോളയ് പട്രുഷേവ് പറഞ്ഞു. നിലവിലെ അരക്ഷിത സാഹചര്യത്തിന് പരിഹാരം കണ്ടെത്തി മേഖലയിൽ സമാധാനം കൊണ്ടുവരണമെന്ന് തുർക്ക്മെനിസ്താൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി ചരിമിരത്ത് അമനോവ് പറഞ്ഞു. നേതാക്കളുടെ യോഗം തുടർന്ന് കൊണ്ടിരിക്കുകയാണ്. യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സുരക്ഷാ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തും.
Comments