തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഈ മാസം ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ല. യോഗം ചേർന്നതിന് ഒരു രേഖകളുമില്ലെന്നും ഇക്കാര്യം ജലവിഭവവകുപ്പ് അഡീഷണൽ സെക്രട്ടറി തന്നെ അറിയിച്ചതായും മന്ത്രി പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് പോയിട്ടില്ല. കവറ്റിംഗ് ലെറ്റർ മാത്രമാണുള്ളത്. ഒരു ഡിപ്പാർട്ട്‌മെന്റിലും വീഴ്ച ഉണ്ടാകാൻ പാടില്ലെന്നും വീഴ്ച സംഭവിച്ചെങ്കിൽ നടപടിയെടുക്കണമെന്നും മന്ത്രി പ്രതികരിച്ചു.
ജലവിഭവ വകുപ്പിൽ നിന്ന് ഓർഡർ ഇറങ്ങിയിട്ടില്ല. ഇറങ്ങിയെന്ന് തെളിയിച്ചാൽ മരവിപ്പിക്കും. ഡാം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞാൽ അതാണ് സർക്കാരിന്റെ പോളിസിയെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.















