രാജ്യം പത്മ പുരസ്‌കാരങ്ങൾ നൽകുന്നതിന്റെ ആഴവും പരപ്പും വർദ്ധിക്കുകയാണ്. സമൂഹത്തിലെ അവഗണിക്കപ്പെടുന്നവരെ നരേന്ദ്രമോദി സർക്കാർ കൈപിടിച്ച് മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ നേർക്കാഴ്ചകളാണ് ഇത്തവണയും പത്മപുരസ്‌കാര വേദികളിൽ കണ്ടത്.
അതിൽ ആദ്യമായി ഒരു ട്രാൻസ്ജൻഡർ പത്മപുരസ്‌കാരത്താൽ ആദരിക്കപ്പെട്ടുവെന്നത് ചരിത്രമുഹൂർത്തമായി മാറിയിരിക്കുന്നു. രാജ്യത്തെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ ഏറ്റുവാങ്ങിയത് ട്രാൻജെൻഡർ നാടോടി നർത്തകിയായ മഞ്ചമ്മ ജോഗതിയാണ്. രാഷ്‌ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് രാംനാഥ് കോവന്ദിൽ നിന്നും മഞ്ചമ്മ പുരസ്‌കാരം സ്വീകരിച്ചപ്പോൾ ആദരിക്കപ്പെട്ടത് ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ കടുത്ത സാമൂഹ്യ അവഗണനയും അവഹേളനവും നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന ഭിന്നലിംഗ വ്യക്തിത്വങ്ങളാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കളെ നമിച്ച ശേഷമാണ് മഞ്ചമ്മ രാഷ്‌ട്രപതിക്ക് മുന്നിലേക്ക് എത്തിയത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ടവർ പരമ്പരാഗതമായി നൽകുന്ന ആശിർവാദം രാഷ്‌ട്രപതിക്ക് നൽകാനും മഞ്ചമ്മ മറന്നില്ല. അത്യധികം ആദരവോടെയാണ് ആ അനുഗ്രഹം രാംനാഥ് കോവിന്ദ് സ്വീകരിച്ചത്. രാജ്യം പദ്മശ്രീ നൽകി ആദരിക്കുന്ന ആദ്യത്തെ ട്രാൻസ് വുമണാണ് മഞ്ചമ്മ ജോഗതി. കർണാടകയിലെ നാടൻ കലാരൂപങ്ങളുടെ സ്ഥാപനമായ കർണാടക ജനപദയുടെ അമരക്കാരി. നിലവിൽ അക്കാദമി പ്രസിഡന്റാണ് മഞ്ചമ്മ.
അറുപതിന്റെ ആദ്യഘട്ടത്തിൽ തന്നെ പുരസ്‌കാരങ്ങൾ മഞ്ചമ്മയെ തേടിയെത്തി. ഏറെ പ്രയത്നങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞജീവിതമായിരുന്നിട്ടും സാമൂഹ്യജീവിതത്തിൽ മഞ്ചമ്മ നിറഞ്ഞുനിൽക്കുന്നു. മഞ്ചുനാഥ് ഷെട്ടി എന്ന മഞ്ചമ്മ ജോഗതി പെൺകുട്ടിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുവെന്ന് കുടുംബം തിരിച്ചറിയുന്നത് കൗമാരപ്രായത്തിലാണ്. ഇതോടെ ഹൊസപേട്ടിന് സമീപത്തുള്ള ഹൂളിഗയമ്മ ക്ഷേത്രത്തിലേക്കാണ് മഞ്ചമ്മയെ കൊണ്ടുപോയത്. രേണുക യെല്ലമ്മ എന്ന ഗ്രാമ ദേവതയ്‌ക്ക് സ്വയം സമർപ്പിച്ച ട്രാൻജെൻഡർമാരുടെ സമൂഹത്തിന് മഞ്ചമ്മയെ നൽകി കയ്യൊഴിയുമ്പോഴും മഞ്ചമ്മ തളർന്നില്ല. കാരണം വിശ്വാസപ്രകാരം അവരെല്ലാം ദേവിയ്‌ക്ക് വിവാഹം ചെയ്ത് നൽകപ്പെട്ടവരെന്ന പവിത്രമായ അന്തരീക്ഷത്തിലേക്ക് മാറിയിരുന്നു.
ദാരിദ്ര്യത്തിനും, കഷ്ടപ്പാടിനും, സമൂഹത്തിന്റെ ശാരീരിക മാനസിക പീഡനങ്ങൾക്കു മിടയിൽ മഞ്ചമ്മ പക്ഷെ നിരാശപ്പെട്ടില്ല. കയുടേയും സാധനയുടേയും വഴിയിൽ നീങ്ങിയതോടെ നിരവധി കലാരൂപങ്ങളും പഠിച്ചെടുത്തു. ജോഗതി നൃത്യ, ജനപദ ഗാനങ്ങൾ, കന്നഡ ഭാഷയിലെ ചെറുകവിതകൾ എന്നിവയിലൂടെ മഞ്ചമ്മ ജനമനസ്സുകളിൽ ഇടംനേടി. 2006 ൽ മഞ്ചമ്മയെ കർണാടക ജനപദ അക്കാദമി പുരസ്‌കാരംനൽകി ആദരിച്ചു. കർണാടക ജനപദ അക്കാദമിയുടെ ആദ്യത്തെ ട്രാൻസ് വുമൺ പ്രസിഡന്റ് കൂടിയായ മഞ്ചമ്മയെ ആദരിക്കുന്നതിലൂടെ ഏറെ മാറിയ ഇന്ത്യയുടെ സമകാലിക സമൂഹ്യവ്യവസ്ഥയുടെ സന്ദേശമാണ് നൽകുന്നത്.














