ഇനി തീരൂമാനങ്ങളും നടപടികളും മാത്രം; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ഇന്ത്യതന്നെ മുന്നിട്ടിറങ്ങുകയാണ്. ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മുന്നിൽ നിന്നും നയിക്കുന്ന സുപ്രധാന യോഗം ഇന്ന് നടക്കുന്നു. റഷ്യ അടങ്ങുന്ന മുൻ സോവിയറ്റ് രാജ്യങ്ങൾക്കൊപ്പം ഇസ്ലാമിക ലോകത്തെ ശക്തരായ ഇറാനും ഇന്ത്യക്കൊപ്പം ഭീകർക്കെ തിരായ നിർണ്ണായക തീരുമാനത്തിന് അഫ്ഗാൻ വിഷയത്തിൽ താലിബാനെതിരെ കൈകോർക്കാനെത്തിയിരിക്കുന്നു.
അഫ്ഗാനിൽ താലിബാൻ പിടിമുറുക്കിയത് മുതൽ ആഗോള ഇസ്ലാമിക ഭീകരത ശക്തമാകുമെന്ന് ഇന്ത്യ ലോകത്തോട് പലതവണ വിളിച്ചുപറഞ്ഞിട്ടുണ്ട്. താലിബാന് സഹായങ്ങൾ നൽകുന്ന രാജ്യങ്ങൾ ഭീകരരെ വളർത്തുകയാണെന്ന സത്യം അമേരിക്കയടക്കം ചൂണ്ടിക്കാണിച്ചിട്ട് വർഷങ്ങളായി. ഇതിനൊപ്പം ഐക്യരാഷ്‌ട്ര രക്ഷാ സമിതിയിൽ പാകിസ്താന്റെ താലിബാൻ ബന്ധത്തെ തുറന്നുകാട്ടിയതും ആഗോള ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ തുറന്നടിച്ചതും ഇന്ത്യമാത്രം. ഇന്നിതാ താലിബാനെ എല്ലാ അർത്ഥത്തിലും സഹായിച്ചുകൊണ്ട് പാകിസ്താനും അതേ വഴിയിൽ അഫ്ഗാനെ കൈവശമാക്കാൻ കൊതിക്കുന്ന ചൈനയും ഔദ്യോഗികമായി നീങ്ങുകയാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യ പ്രതിരോധ സുരക്ഷാ മേഖലയിൽ ഏറ്റവും തന്ത്രപരമായ നീക്കമാണ് നടത്തുന്നത്.
അഫ്ഗാന് ചുറ്റുമുള്ള റഷ്യൻ മേഖലാ രാജ്യങ്ങളും ഇസ്ലാമിക ലോകത്തിലെ ശക്തരായ ഇറാനേയും ചേർത്തുപിടിച്ചാണ് ആഗോള ഇസ്ലാമിക ഭീകരതയുടെ താവളമായിമാറുന്ന പ്രദേശത്തെ ഇന്ത്യ വളയുകയാണ്. ഇന്ത്യ വിളിച്ചിരിക്കുന്ന നിർണ്ണായകയോഗത്തിൽ പങ്കെടുക്കുന്നവരെല്ലാം അതാത് രാജ്യങ്ങളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കാത്ത സുരക്ഷാ ഉപദേഷ്ടാക്കളും രഹസ്യാന്വേഷണ വിഭാഗം തലവന്മാരുമാണ്. റഷ്യ, ഇറാൻ, കസാഖിസ്താൻ, താജിക്കിസ്താൻ, ഉസ്ബക്കിസ്താൻ എന്നീ രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കൾ ഡൽഹിയിലെത്തിക്കഴിഞ്ഞു. റഷ്യയുടെ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പാത്രൂഷേവ്, ഇറാന്റെ സുരക്ഷാ ചുമതല വഹിക്കുന്ന റയർ അഡ്മിറൽ അലി ഷാംഖാനി, കസാഖിസ്താനിലെ കരീം മാസീമോവ് താജികിസ്താനിലെ നസറുള്ളോ രഹ്മതോൺ മഹൂംസോദ, ഉസ്ബെക്കിസ്താന്റെ വിക്ടർ മഖ്മുദേവ് എന്നിവരാണ് അജിത് ഡോവലിനൊപ്പം ഇന്ന് അഫ്ഗാൻ വിഷയം ചർച്ചചെയ്യുന്നത്. ഡൽഹി റീജണൽ സെക്യൂരിറ്റി ഡയലോഗ് ഓൺ അഫ്ഗാൻ എന്ന പേരിലാണ് ഡോവൽ നയിക്കുന്ന യോഗം. ഓരോ രാജ്യങ്ങളുമായി പ്രത്യേകമായും ഒരുമിച്ചും ഡോവലും ഇന്ത്യയുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും വിവരങ്ങൾ കൈമാറും. അഫ്ഗാൻ വിഷയം മുൻനിർത്തിമാത്രമാണ് ചർച്ചയെന്നത് യോഗത്തിന്റെ ഗൗരവം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. എല്ലാ രാജ്യങ്ങൾക്കും താലിബാൻ ഭീകരരും അഫ്ഗാനിൽ നിലയുറപ്പിച്ചിരിക്കുന്ന ഐ.എസ്-അൽഖ്വായ്ദ ഭീകരരും കനത്ത ഭീഷണി തന്നെയാണ്. ഇതിന് ശക്തിപകരുന്നതാണ് പാകിസ്താൻ പിന്തുണയ്‌ക്കുന്ന ലഷ്‌ക്കറും ജയ്‌ഷെ മുഹമ്മദും.
ചൈനയും പാകിസ്താനും എടുത്തിരിക്കുന്ന താലിബാൻ അനുകൂല നിലപാടും ഇന്ത്യവിരുദ്ധനീക്കങ്ങളും മുൻനിർത്തിയാണ് ഇന്ത്യ നയം രൂപീകരിച്ചിട്ടുള്ളത്. ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ റഷ്യയെ ബോദ്ധ്യപ്പെടുത്താനായി എന്നതും ഇന്ത്യൻ നയതന്ത്രബന്ധത്തിന്റെ വൻ വിജയമായി. താജികിസ്താൻ അതിർത്തിയിൽ സംയുക്തസൈനിക അഭ്യാസവും പ്രതിരോധ രഹസ്യാന്വേഷണ വിഭാഗങ്ങളെ വിന്യസിച്ചുമാണ് പുടിൻ ഇന്ത്യയുടെ അഭ്യർത്ഥനയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ആഗസ്റ്റ് മാസത്തിന് മുന്നേ തന്നെ റഷ്യ അഫ്ഗാൻ അതിർത്തിയിലെ മുൻ സോവിയറ്റ് രാജ്യങ്ങളുടെ അതിർത്തി കേന്ദ്രീകരിച്ച് നടത്തിയ ഇടപെടൽ താലിബാൻ ഭീകരർക്ക് കനത്ത ആഘാതമാണ് നൽകിയത്. താലിബാനെതിരെ അവസാനം വരെ പോരാടിയ വടക്കൻ സഖ്യത്തിനും പിന്തുണ നൽകാൻ താജികിസ്താനോട് നിർദ്ദേശിച്ചതും റഷ്യയായിരുന്നു. അഫ്ഗാനിൽ താലിബാൻ ഉയർത്തുന്ന മതഭീകരതയ്‌ക്കെതിരെ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
റഷ്യൻ മേഖലയിലെ രാജ്യങ്ങൾക്കൊപ്പം ഇറാനും ചേരുന്നതോടെ മേഖലയിൽ ഇസ്ലാമിക ഭീകരതയെ ഇല്ലാതാക്കലാണ് ഇന്ത്യയുടെ ലക്ഷ്യം. സമ്പൂർണ്ണ സമാധാനം എന്നതിന് ശക്തമായ പ്രതിരോധം അനിവാര്യമാണെന്ന വസ്തുതയാണ് ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്നത്. ഇന്ത്യ മേഖലയിൽ എടുത്തിരിക്കുന്നത് കനത്ത ജാഗ്രതയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ലോകരാജ്യങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെടുന്നതും അതിനാൽ തന്നെ. അഫ്ഗാൻ താലിബാൻ പിടിച്ച ആഗസ്റ്റ് മാസം 1-ാം തിയതി അമേരിക്കയുടേയും റഷ്യയുടേയും സുരക്ഷാ ഉപദേഷ്ടാക്കളും ചാരസംഘടനാ മേധാവികളും ഇന്ത്യയിലെത്തി ഡോവലിനെ കണ്ടതും ഏറെ വാർത്താ പ്രാധാന്യം നേടി. ഏഷ്യൻ മേഖലയിലെ ഭീകരസംഘടനകളെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ഉദ്യോഗസ്ഥൻ. അജിത് ഡോവലിന്റെ പ്രധാന്യം വളരെയേറെയാണ്. ഐക്യരാഷ്‌ട്ര രക്ഷാസമിതിപോലും അജിത് ഡോവൽ മുന്നോട്ടുവെച്ച ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മാർഗ്ഗരേഖ പരിഗണിക്കുകയാണ്.
ആഫ്രിക്കൻ രാജ്യങ്ങളിലെ ഇസ്ലാമിക ഭീകരതയെ പോലും വേരോടെ പിഴുതെറിയുന്ന തന്ത്രമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. അഫ്ഗാനിൽ നിന്നും അതിർത്തി കടക്കാൻ ഒരു ഭീകരനെ പോലും അനുവദിക്കില്ലെന്ന സന്ദേശമാണ് മുൻ സോവിയറ്റ് രാജ്യങ്ങളും ഇറാനും ഇന്ത്യക്കൊപ്പം ചേരുമ്പോൾ നൽകുന്നത്. ഇന്ന് ഡൽഹിയിൽ എടുക്കുന്ന എന്തു തീരുമാനവും ഏഷ്യൻ മേഖലയിലെ ഭീകരതയുടെ മരണമണിമുഴക്കുന്നതാകുമെന്നതിൽ സംശയമില്ല.














