തിരുവനന്തപുരം : മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ ഭാര്യയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയിൽ അനിൽ കുമാർ ആണ് അറസ്റ്റിലായത്. പണം നൽകാത്തതിന് ഭാര്യയുടെ തലയ്ക്ക് കല്ലുകൊണ്ട് എറിയുകയായിരുന്നു.പിടികൂടാനെത്തിയ പോലീസിനെയും പ്രതി ആക്രമിച്ചു. തുടർന്ന് പ്രതിയെ ഓടിച്ചിട്ടാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മദ്യത്തിന് അടിമയായ പ്രതി ഭാര്യ രാഗിണിയോട് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. എന്നാൽ രാഗിണി ഇത് വിസമ്മതിച്ചു. തുടർന്ന് രാഗിണിയുടെ തലയ്ക്ക് നേരേ കല്ലുകൊണ്ട് എറിയുകയായിരുന്നു. രാഗിണി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
ബഹളം കേട്ട നാട്ടുകാർ രാഗിണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് ഒളിച്ചിരുന്ന അനിൽകുമാറിനെ കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.വെള്ളറട സി ഐ മൃദുൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതി ഒളിച്ചിരിക്കുന്ന പ്രദേശം വളഞ്ഞ് പിടികൂടാൻ ശ്രമം നടത്തി. ഇതിനിടെ പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പോലീസ് വലയിലാക്കിയത്.
Comments