ഭോപ്പാൽ : ഭോപ്പാലിലെ നവീകരിച്ച ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന് 18-ാം നൂറ്റാണ്ടിലെ ഗോത്ര രാജ്ഞി റാണി കമലപതിയുടെ പേര് നൽകി കേന്ദ്രസർക്കാർ . മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത് .ഭോപ്പാലിലെ അവസാനത്തെ ഹിന്ദു രാജ്ഞിയായിരുന്നു റാണി കമലാപതി.
നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തിൽ സ്റ്റേഷന് റാണിയുടെ പേര് നൽകണമെന്ന് മദ്ധ്യപ്രദേശ് സർക്കാർ ആവശ്യപ്പെട്ടിരുന്നു . തിങ്കളാഴ്ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നവീകരിച്ച റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നത്.
100 കോടി രൂപ ചെലവിലായിരുന്നു സ്റ്റേഷന്റെ നവീകരണം . റെയിൽവേ സ്റ്റേഷന് റാണി കമലപതിയുടെ പേര് നൽകിയ മോദി സർക്കാരിന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ട്വീറ്റിൽ നന്ദി അറിയിച്ചു .
ഗിന്നൂർഗഢിലെ പ്രഭുവും ഗോണ്ട് ഭരണാധികാരിയുമായിരുന്ന നിസാം ഷായുടെ വിധവയായിരുന്നു റാണി കമലപതി. ഭർത്താവ് മരിച്ചപ്പോൾ അവർ സംസ്ഥാനത്തിന്റെ സംരക്ഷകയായി . 1.2 കോടിയിലധികം ജനസംഖ്യയുള്ള ഗോണ്ട് സമുദായം ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്ര വിഭാഗമാണ്.
അതിനാൽ, ഇന്ത്യയിലെ പട്ടികവർഗങ്ങളുടെ പാരമ്പര്യം ആഘോഷിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തിന് അനുസൃതമായിരിക്കും സ്റ്റേഷന്റെ പേര് മാറ്റുന്നതെന്ന് മദ്ധ്യപ്രദേശ് സർക്കാർ അമിത് ഷായ്ക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. ബിർസ മുണ്ടയുടെ സ്മരണാർത്ഥം നവംബർ 15 ‘ജൻജാതിയ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തിനും അനുസൃതമാണ് ഈ പേരുമാറ്റമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു
Comments