ലക്നൗ : പശുക്കളെ അനധികൃതമായി കശാപ്പ് ചെയ്യുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി എംഎൽഎ. ലോണിയിലെ ബിജെപി എംഎൽഎയായ നന്ദ കിഷോർ ഗുജാർ ആണ് നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നത്. നടപടി ആവശ്യപ്പെട്ട് ഗുജാർ ഗാസിയാബാദ് പോലീസിന് പരാതി നൽകി.
കഴിഞ്ഞ ദിവസം ബേഹ്താ ഹസിപൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ പശുക്കളെ അനധികൃതമായി കശാപ്പ് ചെയ്യുന്ന സംഘത്തെ പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം നടപടിവേണമെന്ന ആവശ്യം ഉന്നയിച്ചത്. അടുത്തിടെയായി ജില്ലയിൽ പശുക്കള്ളക്കടത്ത് വർദ്ധിക്കുന്നുണ്ടെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ജില്ലാ പോലീസ് മേധാവി പവൻ കുമാറിനാണ് അദ്ദേഹം കത്ത് നൽകിയത്. അടുത്തിടെയായി പശുക്കളെ കടത്തികൊണ്ടു പോയി കശാപ്പ് ചെയ്യുന്നത് വർദ്ധിച്ചിരിക്കുകയാണ്. പരിശോധനയ്ക്കായി ചെക്പോസ്റ്റുകളിൽ വിന്യസിച്ചിരിക്കുന്ന പോലീസുകാരുടെ ഒത്താശ്ശയോടെയാണ് ഇത് നടക്കുന്നത്. താനുൾപ്പെടെ പല ഹിന്ദു സംഘടനകളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പശുക്കടത്തിന് ചുക്കാൻ പിടിച്ച സ്റ്റേഷൻ ഹൗസ് ഓഫീസറെ നീക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം എംഎൽഎയുടെ പരാതിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ നടപടി സ്വീകരിച്ചതായി പവൻ കുമാർ പറഞ്ഞു.
Comments